മക്കള്‍ രാത്രിയിലും ഓണ്‍ലൈന്‍; നെറ്റ് കട്ടാക്കി അച്ഛന്‍; ഓഫ്​ലൈനായത് നഗരം മുഴുവന്‍

മക്കളുടെ അമിതമായ സ്മാര്‍ട് ഫോണ്‍ ഉപയോഗം തടയാന്‍ നഗരത്തിലെ മുഴുവന്‍ ഇന്‍റര്‍നെറ്റ് സേവനവും തടസപ്പെടുത്തി അച്ഛന്‍. രാത്രിയില്‍ കുട്ടികള്‍ ഉറക്കമില്ലാതെ ഫോണ്‍ ഉപയോഗിക്കുന്നത് തടയാനുള്ള ശ്രമത്തിനിടെയാണ് അബദ്ധത്തില്‍ നഗരത്തിലെ മുഴുവന്‍ ഇന്‍റര്‍നെറ്റ് സേവനവും നിലച്ചത്. ഫ്രാന്‍സിലാണ് സംഭവം. സിഗ്നല്‍ ജാമര്‍ ഉപയോഗിച്ച് മക്കളുടെ ഫോണില്‍ നിന്നും ഇന്‍റര്‍നെറ്റ് കണക്ഷന്‍ തടസ്സപ്പെടുത്താനായിരുന്നു ഉദ്ദേശം. എന്നാല്‍ ആ നഗരത്തില്‍ മുഴുവന്‍ അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെ 3 മണി വരെ സേവനം നിലക്കുകയായിരുന്നു.  

അസ്വഭാവികമായി സിഗ്നല്‍ ഡ്രോപ്പ് കണ്ടെത്തിയതോടെ ഫ്രാൻസിലെ റേഡിയോ ഫ്രീക്വൻസികൾ കൈകാര്യം ചെയ്യുന്ന ഏജൻസ് നാഷനൽ ദെ ഫ്രീക്വൻസസിലേക്ക് (ANFR) പരാതിയെത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ പരിശോധനയിലാണ് സിഗ്നല്‍ ജാമര്‍ ഉപയോഗിച്ചതാണ് കാരണമെന്ന് കണ്ടെത്തിയത്. മൊബൈൽ ഫോണുകളുടെ അതേ ഫ്രീക്വൻസിയിൽ റേഡിയോ തരംഗങ്ങൾ സംപ്രേക്ഷണം ചെയ്യുകയും സെൽ ടവറുകളുമായി ബന്ധിപ്പിക്കുന്നതും സിഗ്നലുകൾ സ്വീകരിക്കുന്നതും തടസപ്പെടുത്തും. അതുവഴി ഇന്റർനെറ്റ് സേവനം തടയാനുമാണ് സിഗ്നല്‍ ജാമര്‍ ഉപയോഗിക്കുന്നത്. 

സിഗ്നല്‍ ജാമര്‍ സ്ഥാപിച്ചയാളെ കണ്ടെത്താന്‍ ഏജന്‍സിക്ക് അധികസമയം വേണ്ടി വന്നില്ല. നഗരത്തിലെ മുഴുവന്‍ സേവനവും തടസ്സപ്പെടുത്താന്‍ ഉദ്ദേശിച്ചില്ലെങ്കിലും ഫ്രാന്‍സില്‍ സിഗ്നല്‍ ജാമര്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമായതിനാല്‍ കേസെടുത്തു. ലോക്ഡൗണ്‍ കാലം മുതല്‍ മക്കള്‍ രാത്രിയിലും ഉറക്കമില്ലാതെ ഇന്‍റര്‍നെറ്റും ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നത് തടയാന്‍ ചെയ്തതാണെന്നും നഗരത്തിലെ മുഴുവന്‍ ഇന്‍റര്‍നെറ്റ് സേവനവും തടസ്സപ്പെടുത്തണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്നും പിതാവ് വ്യക്തമാക്കി. 30,000 യൂറോ പിഴയും ആറ് മാസം തടവും വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.