ആപ്പിളിനും അന്ധവിശ്വാസം, ഐഫോണിന്റെ പേരിടല്‍ രീതി മാറ്റും?

ഈ വര്‍ഷം അവതരിപ്പിക്കാനിരിക്കുന്ന ആപ്പിളിന്റെ സ്മാര്‍ട് ഫോണ്‍ സീരീസിന് ഐഫോണ്‍ 13 എന്നാണ് പേരിടേണ്ടത്. പക്ഷേ, രസകരമായ ഒരു അഭ്യൂഹം ഇന്റർനെറ്റിൽ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പൊതുവെ 13 എന്ന സംഖ്യ ദൗര്‍ഭാഗ്യം കൊണ്ടുവരുന്ന ഒന്നായി കാണുന്നതിനാല്‍ ആപ്പിള്‍ ഈ വര്‍ഷം പേരിടല്‍ രീതിക്കു മാറ്റം വരുത്തിയേക്കുമെന്നാണ്. ഈ അഭ്യൂഹം പ്രചരിച്ചതിനെത്തുടര്‍ന്ന് ആപ്പിളും അന്ധവിശ്വാസിയായോ എന്ന് ചോദിക്കുന്നവരും ഉണ്ട്. ഇതുവരെ പിന്തുടരാത്ത തരത്തിലുള്ള എന്തെങ്കിലുമൊരു പേരിടല്‍ രീതി പരീക്ഷിക്കാനൊരുങ്ങുകയാണ് ആപ്പിളെന്നും അഭ്യൂഹങ്ങളുണ്ട്.

പേരിടല്‍ എങ്ങനെയെങ്കിലും ആകട്ടെ! വിലയോ? ഈ വര്‍ഷം ഐഫോണുകള്‍ക്ക് ഐഫോണ്‍ 12 സീരീസിനെ അപേക്ഷിച്ച് വില കുറവായിരിക്കുമെന്നാണ് ഏറ്റവും പുതിയ അഭ്യൂഹങ്ങള്‍ സൂചിപ്പിക്കുന്നത്. ആപ്പിളിന്റെ പ്രീമിയം ഹാന്‍ഡ്‌സെറ്റുകളെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ നേരത്തെ പറഞ്ഞുകേട്ടതു പോലെ തന്നെയാണ്. ഇതുവരെ തുടര്‍ന്ന പേരിടല്‍ രീതിയാണ് തുടരുന്നതെങ്കില്‍ ഐഫോണ്‍ 13, 13 പ്രോ, 13 പ്രോ മാക്‌സ്, 13 മിനി എന്നിങ്ങനെയായിരിക്കും വിളിക്കുക. പ്രോ മാക്‌സിന് 6.7-ഇഞ്ച് വലുപ്പമാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ ഐഫോണ്‍ 13, ഐഫോണ്‍ 13 പ്രോ എന്നിവയ്ക്ക് 6.1-ഇഞ്ച് വലുപ്പം പ്രതീക്ഷിക്കുന്നു. ഐഫോണ്‍ 13 മിനിക്ക് 5.4-ഇഞ്ച് വലുപ്പവുമാണ് പ്രതീക്ഷിക്കുന്നത്.

നേരത്തേതിൽ നിന്നും വ്യത്യസ്തമായ ഒരു അഭ്യൂഹമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഈ വര്‍ഷം അവതരിപ്പിക്കാനിരിക്കുന്ന ഐഫോണ്‍ സീരീസിനും നോച്ച് ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഐഫോണ്‍ 12ന്റെ നോച്ചിനെ അപേക്ഷിച്ച് അല്‍പം ചെറുതായിരിക്കുമെന്നും പറയുന്നു.

English Summary: iPhone 13 might not be Apple's next flagship, thanks to superstition