‘മാലിന്യമിടുന്നവരുടെ കൈയും കാലും തല്ലിയൊടിക്കും’; അറ്റകൈ പ്രയോഗവുമായി നാട്ടുകാർ

കോട്ടയം: ‘മാലിന്യമിടുന്നവരെ കൈയിൽ കിട്ടിയാൽ കൈയും കാലും തല്ലിയൊടിക്കും’ –ഭീഷണിയല്ല, ഗതികേട് കൊണ്ടാണ്. നാട്ടകം – തിരുവാതുക്കൽ പാറേച്ചാൽ ബൈപാസിനു സമീപത്തെ വൈദ്യുത പോസ്റ്റുകളിലാണ് ഇത്തരത്തിൽ ബോർഡ് പ്രത്യക്ഷപ്പെട്ടത്. മാലിന്യം തള്ളുന്നവരെ പിടികൂടാൻ പല വഴികളും നാട്ടുകാർ നോക്കി. എന്നിട്ടും മാലിന്യത്തിനു കുറവു വരാത്തതിനാലാണു ഇത്തരത്തിൽ ഒരു ബോർഡ് അവിടെ പ്രത്യക്ഷപ്പെട്ടത്. അതിമനോഹരമായ പ്രകൃതി ഭംഗിയുള്ള ഈ റോഡിൽ ആൾത്തിരക്കു കുറഞ്ഞ സമയങ്ങളിലാണ് മാലിന്യം തള്ളുന്നത്.

ശുചിമുറി മാലിന്യം മുതൽ സാനിറ്ററി നാപ്കിൻ വരെ

പാറോച്ചാൽ ബൈപാസിലെ പാടശേഖരങ്ങളിലും റോഡരികിലും കുറച്ചു നാളുകളായി മാലിന്യം തള്ളൽ രൂക്ഷമാണ്. ആദ്യം മദ്യപർ ഉപേക്ഷിക്കുന്ന പൊട്ടിയ കുപ്പികൾ കർഷകരുടെ കാലിൽ തറച്ചു കയറുന്നതായിരുന്നു പ്രശ്നം. പിന്നീട് പാടശേഖരത്തിലേക്ക് കോഴി അവശിഷ്ടങ്ങൾ, ശുചിമുറി മാലിന്യം എന്നിവയെല്ലാം എത്തി.  

അവസാനമായി ഇപ്പോൾ അണുനശീകരണം നടത്താത്ത സാനിറ്ററി നാപ്കിൻ ഉൾപ്പെടെയുള്ള മാലിന്യങ്ങളെത്തിത്തുടങ്ങിയതോടെയാണ് ഗത്യന്തരമില്ലാതെ നാട്ടുകാരുടെ നേതൃത്വത്തിൽ ഇവിടെ ബോർഡ് സ്ഥാപിച്ചത്.