‘മൃതദേഹം വിട്ടുകാെടുക്കൂ; പണം ‍ഞാൻ തരാം’; കമൽഹാസൻ: അന്ന് നടന്നത്

‘ആശുപത്രിയിൽ എത്ര പണം നൽകാനുണ്ടോ അതു ഞാൻ തരാം. നിങ്ങൾ മൃതദേഹം വിട്ടുകൊടുത്തോളൂ..’ കമൽഹാസന്റെ ഈ വാക്കുകൾ ഇന്ന് തെന്നിന്ത്യൻ സിനിമാലോകത്ത് വലിയ ചർച്ചയാവുകയാണ്. ദിവസങ്ങൾക്ക് മുൻപ് അന്തരിച്ച തെന്നിന്ത്യൻ താരം ഉഷാറാണിയുടെ ആശുപത്രി െചലവുകൾ വഹിക്കാൻ കുടുംബം ബുദ്ധിമുട്ടിയപ്പോൾ സഹായവുമായി എത്തിയവരിൽ താരസംഘടനയായ അമ്മയും ഉണ്ടായിരുന്നു. ഒടുവിൽ മൃതദേഹം വിട്ടുകിട്ടാൻ കമൽഹാസനും ഇടപെട്ടു. എന്താണ് അന്ന്  സംഭവിച്ചത്? അതേ കുറിച്ച് അമ്മ സംഘടനാ ഭാരവാഹി ഇടവേള ബാബു മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറയുന്നു.

‘ചേച്ചി ആശുപത്രിയിൽ അഡ്മിറ്റായപ്പോൾ മുതൽ എല്ലാ സഹായവുമായി ‘അമ്മ’ ഒപ്പമുണ്ടായിരുന്നു. ഏകദേശം ഏഴുലക്ഷത്തോളം രൂപയാണ് ആശുപത്രിയിൽ ബില്ല് വന്നത്. കുടുംബം പരമാവധി ശ്രമിച്ചിട്ടും പൂർണമായും ഈ തുക കണ്ടെത്താൻ കഴിഞ്ഞില്ല. അമ്മയിൽ നിന്നുള്ള സഹായം എത്തിക്കാൻ ഞങ്ങളും പല വഴികൾ നോക്കി. ചെന്നൈയിൽ ലോക്ഡൗൺ കർശനമായ സമയമായിരുന്നു. തികയാതെ വന്ന പണം ഞാൻ തയാറാക്കിയതാണ്. പക്ഷേ അവിടെ എത്തിക്കാൻ ഒരുവഴിയും കണ്ടില്ല. 

മോഹൻലാലും ജയഭാരതിച്ചേച്ചിയുമെല്ലാം വിവരം അറിഞ്ഞപ്പോൾ പണം തരാം എന്ന് എന്നോട് പറഞ്ഞതാണ്. പക്ഷേ അവിടെ പണം എത്തിക്കാൻ ഒരു വഴിയുമില്ല. ഞാൻ പരമാവധി ശ്രമിച്ചു. ആശുപത്രിയുടെ ചെയർമാന്റെ നമ്പർ കിട്ടുമോ എന്ന് അന്വേഷിച്ചിരുന്നു. അതു കിട്ടിയാൽ ലാലേട്ടനെ കൊണ്ട് വിളിപ്പിക്കാമായിരുന്നു. പക്ഷേ നമ്പർ കിട്ടിയില്ല. ഒടുവിൽ ജയറാമിനെ വിളിച്ചു കാര്യം പറഞ്ഞു. ജയറാമാണ് കമൽഹാസൻ സാറിനെ വിളിക്കുന്നത്.

കമൽസാർ വിവരം അറിഞ്ഞപ്പോൾ തന്നെ ആശുപത്രിയുടെ ചെയർമാനെ വിളിക്കുകയും. മൃതദേഹം വിട്ടുകൊടുക്കണം, ബാക്കി തുക അദ്ദേഹം അടച്ചോളാം എന്ന് അറിയിക്കുകയും ചെയ്തു. ചെയർമാൻ ഇക്കാര്യം അറിഞ്ഞപ്പോൾ തന്നെ മൃതദേഹം വിട്ടുകൊടുക്കാൻ ആശുപത്രിയിൽ നിർദേശം നൽകി. 15 മിനിറ്റിനുള്ളിൽ എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. ഏകദേശം ഒരുലക്ഷത്തിപതിനേഴായിരം രൂപയോളമാണ് അടയ്ക്കാനുണ്ടായിരുന്നത്. ഞാൻ പിന്നീട് ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോൾ തമിഴ് നടികർ സംഘം സംഭവം അറിഞ്ഞ് ആ തുക അടച്ചു എന്നാണ് അറിഞ്ഞത്. അവർ എന്നെ വിളിച്ചിരുന്നു. പണം അടച്ചു എന്ന് അറിയിക്കുകയും ചെയ്തു.’ ഇടവേള ബാബൂ പറയുന്നു. 

ജൂൺ 21നായിരുന്നു തെന്നിന്ത്യൻ ചലച്ചിത്ര നടി ഉഷാറാണി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടത്.  മലയാളം ,തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഇരുനൂറിലേറെ സിനിമകളില്‍ അഭിനയിച്ചു. 2004 ല്‍ പുറത്തിറങ്ങിയ മയിലാട്ടമാണ് അവസാന സിനിമ. അങ്കതട്ട്, തൊട്ടാവാടി ,ഭാര്യ,ഏകവല്യന്‍, അമ്മ അമ്മായിമ്മ, ഹിറ്റ്ലര്‍ , തെങ്കാശിപെട്ടണം തുടങ്ങിയവയാണ് പ്രധാന സിനിമകള്‍.