‘അഭിനേതാവായില്ലെങ്കിൽ ലാലേട്ടൻ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു’

മോഹൻലാലിന്റെ കൊച്ചിയിലെ വീട്ടിൽ അതിഥിയായെത്തിയ അനുഭവം പങ്കു വച്ച് ഷെഫ് സുരേഷ് പിള്ള. ‘ലാലേട്ടന്റെ കൊച്ചിയിലെ പുതിയ വീട്ടിൽ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ഒരു വൈകുന്നേരം..! ഞാൻ വാതോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും സംസാരിച്ച മണിക്കൂറുകൾ... നാഗവല്ലി സണ്ണിക്ക് ആഭരണങ്ങൾ വിവരിച്ച് കൊടുക്കുന്ന അതേ ഭാവത്തോടെ അദ്ദേഹത്തിന്റെ അടുക്കളയിലെ Rational Combi Oven, Thermomix, Japanese Teppanyaki Grill എന്നിവ എനിക്കു കാണിച്ചു തന്നു. ലാലേട്ടൻ അഭിനേതാവായിരുന്നില്ലങ്കിൽ ഒരുപക്ഷേ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭക്ഷണ അറിവുകൾ കേൾക്കുമ്പോൾ തോന്നി..! ആട്ടിറച്ചി മല്ലിയില കുറുമ, ചെമ്മീൻ അച്ചാർ, നിറയെ തേങ്ങയിട്ട ഇടിയപ്പവും അത്താഴത്തിന് അദ്ദേഹത്തോടൊപ്പം കഴിച്ചു.’ എന്നാണ് ഷെഫ് സുരേഷ് പിള്ള ഫേസ്ബുക്കിൽ കുറിച്ചത്.

‘പാചകത്തോടുള്ള ഇഷ്ടം കാണിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കിച്ചൺ. എല്ലാ അത്യാധുനിക സൗകര്യങ്ങളുമുണ്ട്. തെർമോമിക്സ് എന്ന ബ്ലെൻഡർ, എല്ലാ പച്ചക്കറികളും പ്യൂരി ആക്കാൻ പറ്റും, മിക്സർ ഗ്രൈൻഡറിന്റെ ഏറ്റവും കൂടിയ ഒരു വേർഷനാണ് ഈ തെർമോമിക്സ്. കൂടാതെ ജപ്പാനീസ് തെപ്പിനാക്കി ഗ്രിൽ, അത് വീടുകളിലൊന്നും സാധാരണ ആരും ചെയ്യാത്തതാണ്. മാംസവിഭവങ്ങൾ പാകം ചെയ്യാൻ ബെസ്റ്റാണ്. റേഷണലിന്റെ കോമ്പിനേഷൻ ഓവൻ ഉൾപ്പെടുന്ന എല്ലാ സൗകര്യങ്ങളും ഉള്ള വലിയ മനോഹരമായ ഒരു വീട്’ എന്നും അദ്ദേഹം കുറിച്ചു.

‘ഭക്ഷണവും സിനിമയുമായിരുന്നു ഞങ്ങളുടെ സംസരവിഷയം. ലാലേട്ടൻ ഓരോ യാത്രകളിലും രുചിച്ച് അറിഞ്ഞ ഭക്ഷണത്തെക്കുറിച്ചും റസ്റ്ററന്റുകളെക്കുറിച്ചും സംസാരിച്ചു, പഴയകാലത്ത് ഞാൻ കണ്ട സിനിമകളെക്കുറിച്ചായിരുന്നു എനിക്കു പറയാനുണ്ടായിരുന്നത്. അവിടെ തയാറാക്കിയ ഇടിയപ്പം, മട്ടൺ കുറുമ, ചെമ്മീൻ അച്ചാറ് ഇതൊക്കെ കഴിച്ച് ഞങ്ങൾ രാത്രിയില്‍ മടങ്ങി’ എന്നാണ് ഷെഫ് സുരേഷ് പിള്ള കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.