'ഏറ്റവും അടുത്ത സുഹൃത്തുക്കള്‍'; ലെനയ്ക്കും പ്രശാന്തിനും ആശംസകള്‍ നേര്‍ന്ന് ഷെഫ് സുരേഷ് പിള്ള

കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായ വിഷയമാണ് പ്രശാന്ത് നായരുമായുള്ള ലെനയുടെ വിവാഹം. ഇന്ത്യൻ ബഹിരാകാശ ദൗത്യമായ ഗഗൻയാന്‍റെ ക്യാപ്റ്റനായി പ്രശാന്തിനെ പ്രഖ്യാപിച്ച ദിവസമാണ് ലെന വിവാഹകാര്യം സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്. ഇപ്പോഴിതാ, ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ഷെഫ് സുരേഷ് പിള്ള. നിമിഷനേരം കൊണ്ടു തന്നെ ചിത്രം സോഷ്യലിടത്ത് വൈറലാണ്. 

ലെനയുടെയും പ്രശാന്തിന്‍റെയും വിവാഹത്തിന് താൻ പങ്കെടുത്തു എന്നറിയിച്ചുകൊണ്ട്, വിവാഹത്തിന് വധൂവരന്മാര്‍ക്കൊപ്പം നിന്ന് പകര്‍ത്തിയ ഫോട്ടോയാണ് സുരേഷ് പിള്ള പങ്കുവച്ചിരിക്കുന്നത്. തന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരാണ് ഇരുവരെന്നും എല്ലാം ആശംസകളും നേരുന്നുവെന്നും സുരേഷ് പിള്ള കുറിച്ചു. ലെനയുടെ വിവാഹഫോട്ടോകള്‍ കൂടുതലൊന്നും ലഭ്യമല്ലാത്തതിനാല്‍  സുരേഷ് പിള്ള പങ്കുവച്ച ഫോട്ടോയ്ക്ക് വലിയ സ്വീകരണവും പ്രതികരണങ്ങളുമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.

ഇക്കഴിഞ്ഞ ജനുവരി 17ന് ഒരു സ്വകാര്യ ചടങ്ങില്‍, പരമ്പരാഗതമായ രീതിയിലാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ യാത്രികരുടെ പേരുകൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മലയാളികളെ ഞെട്ടിച്ച വാർത്തയുമായി ലെന എത്തിയത്. താനും ഗഗൻയാൻ ദൗത്യ തലവൻ പ്രശാന്തും വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിനുശേഷം വിവരം പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുന്നുവെന്നും ലെന വെളിപ്പെടുത്തിയിരുന്നു.

Suresh Pillai's social media post goes viral