‘എ പ്ലസ് ഒന്നുമില്ല , അഭിമാനമാണ് എന്‍റെ മകന്‍ ’ ; കുറിപ്പ് വൈറല്‍

viral-post-sslc
SHARE

എസ്എസ്എല്‍സി പരീക്ഷ വന്നതിന് പിന്നാലെ സൈബറിടങ്ങളില്‍ ചര്‍ച്ച എ പ്ലസുകളുടെ എണ്ണമാണ്. ഫുള്‍ എ പ്ലസ് കിട്ടയവരെ വാഴ്ത്തുമ്പോള്‍ ഫുള്‍ എ പ്ലസ് ഒന്നും ഇല്ലാത്ത മകനെ പറ്റി പിതാവ് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. മുഹമ്മദ് അബ്ബാസാണ് തന്‍റെ മകന്‍ മുഹമ്മദ് ഹാഷിമിന് പത്താം ക്ലാസ് പരീക്ഷയില്‍ എ പ്ലസ് ഒന്നുമില്ലെന്നും എന്നാല്‍ മകനെ താന്‍ അഭിമാനത്തോടെയാണ് ചേര്‍ത്ത് നിര്‍ത്തുന്നതെന്നും പറയുന്നത് . അന്നത്തിൽ ഒരോഹരി പൂച്ചകൾക്ക് കൊടുക്കുന്നതിനും  പോക്കറ്റ് മണി കിട്ടാത്ത കൂട്ടുകാർക്ക് ഒരോഹരി കൊടുക്കുന്നതിനും മകനായി പിറന്നതിന് നന്ദി പറയുന്നതായും ഈ പിതാവ് സമൂഹമാധ്യമങ്ങളില്‍ കുറിക്കുന്നു. 

കുറിപ്പ്

ഫുൾ എ പ്ലസ് ഒന്നുമില്ല. രണ്ട് എ പ്ലസ് , ബാക്കി എ യും , ബി യും . ഞാനെന്‍റെ മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു.അന്നത്തിൽ ഒരോഹരി പൂച്ചകൾക്ക് കൊടുക്കുന്നതിന് ,ഈ പൊരിവെയിലത്ത് ഒറ്റ ദിവസം പോലും മുടങ്ങാതെ കിളികൾക്കും കാക്കകൾക്കും വെള്ളം കൊടുക്കുന്നതിന് ,സ്വന്തം വസ്ത്രങ്ങൾ അലക്കുകയും ,കഴിച്ച പാത്രങ്ങൾ കഴുകുകയും ,സ്വന്തം കിടപ്പിടം തുടക്കുകയുംമുറ്റമടിക്കുകയും ചെയ്യുന്നതിന് .ഞാൻ കൊടുക്കുന്ന ചെറിയ പോക്കറ്റ് മണിയിൽ നിന്ന്, പോക്കറ്റ് മണി കിട്ടാത്ത കൂട്ടുകാർക്ക് ഒരോഹരി കൊടുക്കുന്നതിന് ,ഒരു ദിവസത്തെ വീട്ടു ചിലവിന് എത്ര രൂപ വേണമെന്ന് കൃത്യമായിട്ട് അറിവുള്ളതിന് ,നന്നായിട്ട് പന്തു കളിക്കുന്നതിന് ,ഈ ഭൂമിയിൽ എൻ്റെ മകനായി പിറന്നതിന് ഞാനവനോട് നന്ദി പറയുന്നു. ഏറ്റവും സ്നേഹത്തോടെ ഞാനവൻ്റെ നിറുകയിൽ ഉമ്മ വെയ്ക്കുന്നു. ജീവിതത്തിലെ യഥാർത്ഥ പരീക്ഷകൾ വരാനിരിക്കുന്നതേയുള്ളൂ ,ഹാഷിമേ എന്ന് ഞാനവനോടു ഉറക്കെ പറയുന്നു.ഒപ്പം ഫുൾ എ പ്ലസ് നേടിയ അവൻ്റെ കൂട്ടുകാരെയും ,മറ്റു കുട്ടികളെയും അഭിനന്ദിക്കുന്നു.ഒത്തിരി സ്നേഹത്തോടെ, അതിലേറെ അഭിമാനത്തോടെമുഹമ്മദ് ഹാഷിമിന്‍റെ ഉപ്പ , അബ്ബാസ്.

MORE IN SPOTLIGHT
SHOW MORE