മോൺസ്റ്ററിനെ സോംബിയാക്കി; കണക്കിന് മറുപടി കൊടുത്ത് വൈശാഖ്

ഒക്ടോബര്‍ 21 നാണ് വൈശാഖ്– മോഹൻലാൽ– ഉദയകൃഷ്ണ കൂട്ടുകെട്ടിന്റെ ചിത്രം 'മോൺസ്റ്റർ' റിലീസ് ചെയ്യുന്നത്. ഒരുപാട് പ്രത്യേകതകളുമായി എത്തുന്ന മോൺസ്റ്റർ പോലെയൊരു ചിത്രം മലയാളത്തില്‍ ആദ്യമായിട്ടായിരിക്കും എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. എന്നാൽ ചിത്രത്തിനെതിരേ വലിയ തോതിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്. 

മോൺസ്റ്റർ സോംബി സിനിമയാണെന്നടക്കമുള്ള കമന്റുകളാണ് ചിലർ സമൂഹമാധ്യമങ്ങളിൽ പടച്ചുവിടുന്നത്. ഇതിനി ചുട്ട മറുപടി നൽകി സംവിധായകൻ വൈശാഖ് രംഗത്തെത്തിയിട്ടുണ്ട്. ‘മോൺസ്റ്റർ ഉടൻ നിങ്ങൾക്കരികിൽ’ എന്ന അടിക്കുറിപ്പോടെ സ്വന്തം പേജിൽ പങ്കുവച്ച പോസ്റ്ററിനാണ് ഒരാൾ സോംബി വരുന്നു എന്ന് ആവർത്തിച്ച് കമന്റിട്ടത്. എത്ര കമന്റിട്ടു നശിപ്പിക്കാൻ ശ്രമിച്ചാലും സിനിമ നല്ലതാണെങ്കിൽ അത് ജനങ്ങൾ സ്വീകരിച്ചിരിക്കും എന്നും വൈശാഖ് മറുപടി നൽകി.

‘സോംബി വരുന്നു, സോംബി വരുന്നു. കേരളത്തിലെ തിയറ്ററുകളില്‍ 21ന് സോംബി ഇറങ്ങുന്നു, സിങ് സിങ് ലക്കി സിങ്. വെറും എട്ട് കോടി ബജറ്റില്‍ സോംബി എത്തുന്നു’ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഈ കമന്റിനാണ് അർഹിക്കുന്ന മറുപടിയുമായി വൈശാഖ് എത്തിയത്. ‘എന്റെ പേജിൽ വന്ന് സോംബി എന്നൊക്കെ എഴുതാൻ ഒരു നാണവും തോന്നുന്നില്ലേ സുഹൃത്തേ. ഇത് സോംബി പടം ഒന്നും അല്ലെന്നും ഒരു സാധാരണ ത്രില്ലർ ആണെന്നും ഞാൻ ഇതിനു മുമ്പും പല തവണ പറഞ്ഞതാണ്. പിന്നെ നിങ്ങൾ എത്ര ഓവർ ഹൈപ്പ് കൊടുത്തു നശിപ്പിക്കാൻ ശ്രമിച്ചാലും ഈ സിനിമ നല്ലതാണെങ്കിൽ, അത് ജനങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ പിന്നെയത് വിജയിക്കുക തന്നെ ചെയ്യും. സഹോദരനോട് സ്നേഹം മാത്രം.’–വൈശാഖ് പറഞ്ഞു.