ഒരാളുടെ അശ്രദ്ധ 5016 പേരിലേക്ക് കോവിഡ് പടർത്തിയ കഥ; ഡോക്ടർ പറയുന്നു; ജാഗ്രത

ദിവസങ്ങൾ കഴിയും തോറും സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഇന്ന് 39 പേർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. കൊറോണ പ്രതിരോധത്തിന്റെ പ്രധാനഘടകം സാമൂഹിക അകലം പാലിക്കലാണ് എന്നു വ്യക്തമാക്കിയിട്ടും അതിനോട് സഹകരിക്കാൻ ഈ ലോക്ഡൗൺ കാലത്തും പലരും തയാറാകുന്നില്ല. നിർദേശങ്ങൾ നിസാരമായി കാണുന്നവരോടുള്ള ഡോക്ടറുടെ അഭ്യർഥനയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

ഒരു വ്യക്തിയിൽനിന്ന് എങ്ങനെ  5016 പേർക്ക് കൊറോണ വൈറസ് പകർന്നു എന്നാണ് ഡോ. ഷൈജസ് വ്യക്തമാക്കുന്നത്. ഫെയ്സ്ബുക് പേജിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ദക്ഷിണ കൊറിയയിലെ കോവിഡ് രോഗികളിൽ 60 ശതമാനം പേർക്കും രോഗം പകരാനിടയാക്കിയ ഒരൊറ്റ വ്യക്തിയുടെ അശ്രദ്ധയെപ്പറ്റി അദ്ദേഹം പറയുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ: ‘ഫെബ്രുവരി ആറാം തീയതിയാണ് ഈ സംഭവത്തിന്റെ തുടക്കം. ഗുരുതരമല്ലാത്ത ഒരു റോഡപകടത്തെത്തുടർന്ന് ഒരു സ്ത്രീയെ ആശുപത്രിയിലെത്തിക്കുന്നു. ചികിത്സയ്ക്കും ഒരു ദിവസത്തെ ആശുപത്രിവാസത്തിനും ശേഷം അവരെ ഡിസ്ചാർജ് ചെയ്യുന്നു. ഡിസ്ചാർജ് ചെയ്യുമ്പോൾ ചെറിയ പനി ശ്രദ്ധയിൽ പെടുകയും ഡോക്ടർമാർ ഒരു ടെസ്റ്റിന്  നിർദേശിക്കുകയും ചെയ്യുന്നു. എന്നാൽ ഗുരുതരമല്ലാത്ത പ്രശ്നമായതിനാൽ അവർ ആ ടെസ്റ്റ് ചെയ്യാതെ പോകുന്നു. 

അടുത്ത രണ്ടാഴ്ച അവരുടെ ജീവിതത്തിൽ എന്തു നടന്നു എന്നതാണ് ഈ കഥയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. പള്ളികളിൽ നടന്ന രണ്ട് കൂട്ടായ്മകൾ, ഒരു ടാക്സി യാത്ര, സുഹൃത്തിന്റെ കൂടെ ഒരു ബുഫെ ലഞ്ച്, സാധനങ്ങൾ വാങ്ങാനായി പോയ പലചരക്ക് കട എന്നിവിടങ്ങളിൽ അവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ശേഷം അവരിൽ കോവിഡ് 19 ലക്ഷണങ്ങൾ മൂർച്ഛിക്കുകയും ടെസ്റ്റിൽ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ചെയ്യുന്നു. 

ഇനിയാണ് നിർണായകമായ കാര്യം. കഴിഞ്ഞ രണ്ടാഴ്ച അവർ സമ്പർക്കം പുലർത്തിയവരുടെ പട്ടിക തയാറാക്കിയപ്പോൾ അതിലുൾപ്പെട്ടത് 9300 പേരായിരുന്നു. ഇതിൽ 5016 പേർക്ക് കോവിഡ്19  സ്ഥിരീകരിച്ചു. സൗത്ത് കൊറിയ എന്ന രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് 19  പോസിറ്റീവ് കേസുകളിൽ 60 ശതമാനവും ഉണ്ടായത് ഈ ഒരൊറ്റ വ്യക്തിയുടെ അശ്രദ്ധയിൽ നിന്നുമാണെന്ന് പിന്നീട് തെളിഞ്ഞു.

ദക്ഷിണ കൊറിയയുടെ മൊത്തം ജനസംഖ്യ 6  കോടി മാത്രമാണ്. അത്ര ചെറിയൊരു രാജ്യത്ത് ഇത്രയും വലിയൊരു വിപത്ത് ഒരു വ്യക്തിക്കുണ്ടാക്കാൻ സാധിക്കുമെങ്കിൽ 150  കോടി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഇതിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഒരു വ്യക്തിക്കാകും. അതുകൊണ്ടാണ് വീട്ടിലിരുന്നു രാജ്യത്തെ സംരക്ഷിക്കാൻ സർക്കാർ പറയുന്നത്’ ഡോക്ടർ പറയുന്നു.