എങ്ങും മഷിപുരട്ടിയ വിരലുകള്‍; മഷി പുരട്ടുന്നതിന് പിന്നിലെ കാരണമെന്ത്?

election-booth
SHARE

കേരളം തിരഞ്ഞെടുപ്പ് ബൂത്തിലേക്ക് എത്തിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന ഒരു പ്രവണതയാണ് വോട്ട് ചെയ്തതിന്‍റെ തെളിവിനായി മഷി പുരട്ടിയ വിരലുകളുടെ ചിത്രങ്ങള്‍ സ്റ്റോറിയും സ്റ്റാറ്റസും പോസ്റ്റുമൊക്കെ ഇടുന്നത്. പൗര ധർമ്മത്തിന്‍റെയും ജനാധിപത്യത്തിൽ പങ്കാളികൾ ആകുന്നതിന്റെയും അടയാളമായാണ് ഈ മഷിയെ കണക്കാക്കുന്നത്.

ബാലറ്റ് പേപ്പർ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലേക്ക് വഴിമാറി. എന്നിട്ടും കള്ളവോട്ടു തടയുക എന്ന ലക്ഷ്യത്തോടെ വോട്ടർമാരുടെ വിരലിൽ പുരട്ടുന്ന മഷിക്ക് അന്നും ഇന്നും ഒരു മാറ്റവും വന്നിട്ടില്ല. പലതരം വിദ്യകള്‍ പ്രയോഗിക്കാറുണ്ടെങ്കിലും അത്ര പെട്ടൊന്നൊന്നും മഷി വിരലില്‍ നിന്നു പോകാറില്ല.

ink

വോട്ടെടുപ്പു ദിവസം വിരലിൽ മഷി പുരട്ടുന്നതിന്റെ കാരണവും അതിന്റെ ചരിത്രവും നോക്കാം

ഇന്ത്യയിൽ 1962 മുതലാണ് തിരഞ്ഞെടുപ്പ് ദിവസങ്ങളില്‍ വിരലുകളില്‍ മഷി ഉപയോഗിക്കാൻ തുടങ്ങിയത്. അതിനുശേഷമുള്ള എല്ലാ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലും വോട്ടു ചെയ്തവരെ തിരിച്ചറിയാനുള്ള ഒരു അടയാളമായി ഇത് ഉപയോഗിച്ചുവരുന്നുണ്ട്. ആദ്യം പാർലമെന്റ്, അസംബ്ലി തിരഞ്ഞെടുപ്പുകൾക്ക് മാത്രമാണ് മഷി ഉപയോഗിച്ചിരുന്നത്. പിന്നീട് മുനിസിപ്പൽ, സഹകരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുകൾക്കും ഇത്തരം മഷി ഉപയോഗിക്കാൻ തുടങ്ങി.

ഇൻഡലിബിൾ ഇങ്ക് എന്ന പേരിലാണ് തിരഞ്ഞെടുപ്പ് മഷി അറിയപ്പെടുന്നത്. 5, 7.5,  10, 20,60, 80 മില്ലിലീറ്റർ ചെറിയ കുപ്പികളിലാണ് സാധാരണയായി തിരഞ്ഞെടുപ്പിന് മഷിയെത്തുന്നത്. ഒരു ബൂത്തിൽ ഒരു കുപ്പി മതിയാകുമെങ്കിലും കരുതൽ എന്ന നിലയിൽ രണ്ടു കുപ്പികൾ വീതം നൽകാറുണ്ട്. പോളിങ് ബൂത്തിൽ സെക്കൻഡ് പോളിങ് ഓഫിസറാണു വോട്ടറുടെ ഇടതു ചൂണ്ടു വിരലിൽ മഷിയടയാളം ചാർത്തുക. പക്ഷേ മായ്ക്കാനാവാത്ത ഈ മഷിയുടെ രഹസ്യം കമ്പനിക്കു മാത്രം സ്വന്തമാണ്. തിരഞ്ഞെടുപ്പ് കമ്മിഷനു പോലും ഇത് വ്യക്തമല്ല. ഈ മഷിയിൽ സിൽവർ നൈട്രേറ്റ് അടങ്ങിയിട്ടുണ്ട് എന്നതു മാത്രമാണ് പുറത്തറിയാവുന്ന കാര്യം. ഇത് ചർമത്തിലെയും നഖത്തിലെയും രാസവസ്തുക്കളുമായി പ്രവർത്തിച്ച്, പുരട്ടിയ ഉടൻ തന്നെ ഒരു ഒരു സെമി-പെർമനന്റ് മാർക്കായി (semi-permanent mark) മാറുന്നു. ഏകദേശം 20 ദിവസം വരെ ഈ മഷി മായ്ക്കാൻ സാധിക്കില്ല എന്നതാണ് പ്രത്യേകത. ഇത് ഏതെങ്കിലും തരത്തിൽ ചർമത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയിട്ടില്ല, കൂടാതെ വാട്ടർ റെസിസ്റ്റന്റുമാണ്.

ഒരു കുപ്പി മഷി ഉപയോഗിച്ച് 750 വിരലുകളിൽ അടയാളമിടാന്‍ സാധിക്കും. ഇന്ത്യയിൽ ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ 800 കോടി ജനങ്ങളുടെ വിരലുകളിൽ മഷിയടയാളം ചാർത്തപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്.

ink-election

തിരഞ്ഞെടുപ്പിന് ആവശ്യമായ മഷി എത്തുന്നത് എവിടെ നിന്ന്?

ഇത് സാധാരണയായി ലഭ്യമാകുന്ന തരം മഷിയല്ല. കൗൺസിൽ ഓഫ് സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ കീഴിലുള്ള ലബോറട്ടറിയായ ന്യൂഡൽഹിയിലെ നാഷണൽ ഫിസിക്കൽ ലബോറട്ടറിയിൽ അതായത് എൻപിഎല്ലില്‍ 1961-ലാണ് ഈ മഷി വികസിപ്പിച്ചെടുത്തത്. 1962-ൽ കർണാടക സർക്കാരിന്റെ കീഴിലുള്ള സ്ഥാപനമായ മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡിന് (MPVL) ഈ മഷി ഉത്പാദിപ്പിക്കുന്നതിനുള്ള പേറ്റന്‍റ് നേടി. എല്ലാ പൊതുതിരഞ്ഞെടുപ്പുകൾക്കും ആവശ്യമായ മഷി നൽകാൻ 1962 മുതൽ കേന്ദ്രസർക്കാർ ഈ കമ്പനിക്കാണു കരാർ നൽകിയിരിക്കുന്നത്. ആദ്യം, ഗ്ലാസ് ബോട്ടിലുകളിൽ മഷി നിറച്ച് വിതരണം ചെയ്യുകയായിരുന്നു പതിവ്. പിന്നീട് ടെക്നോളജി വികസിച്ചതോടെ, മഷി ആമ്പർ കളറുകളിലുള്ള (amber-colour) പ്ലാസ്റ്റിക് പാത്രങ്ങളിലേക്ക് മാറി. ഇത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കൂടുതൽ എളുപ്പമാകുകയും ചെയ്തു.

ഇന്ത്യ കൂടാതെ, നേപ്പാൾ, തുർക്കി, ദക്ഷിണാഫ്രിക്ക, നൈജീരിയ, മലേഷ്യ, കാനഡ, സിംഗപ്പൂർ, ദുബായ് തുടങ്ങി  മുപ്പതോളം രാജ്യങ്ങളിലേക്ക് മഷി എത്തിക്കുന്നത് ഈ കമ്പനി തന്നെയാണ്.

Know reason and history of polling day finger inking

MORE IN SPOTLIGHT
SHOW MORE