‘സ്വീപ് യൂത്ത് ഐക്കണ്‍’; പക്ഷേ വോട്ടില്ല; മമിതയ്ക്ക് കന്നിവോട്ട് ചെയ്യാനാകില്ല

mamitha
SHARE

ഓരോ വോട്ടും അമൂല്യമാണ് അത് പഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വീപ് യൂത്ത് ഐക്കണ് ഇത്തവണ വോട്ടില്ല. നടി മമിത ബൈജുവിനാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടില്ലാത്തത്. മമിതയുടെ കന്നിവോട്ടാകുമായിരുന്നു ഇത്. വോട്ടർ പട്ടികയിൽ‌ പേരില്ലാത്തതാണ് പ്രശ്നമായത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്നലെ പ്രവർത്തകർ നടിയുടെ കിടങ്ങൂരിലെ വസതിയിൽ വോട്ടിങ് സ്ലിപ് എത്തിച്ചു നൽകിയപ്പോഴാണ് ആണ് മകളുടെ പേര് ലിസ്റ്റിൽ ഇല്ല എന്ന വിവരം പിതാവ് ഡോ.ബൈജു അറിഞ്ഞത്.

സിനിമ ജീവിതത്തിലെ തിരക്കുകൾ വർധിച്ചതിനാലാണ് വോട്ട് ഉറപ്പാക്കൻ കഴിയാതെ പോയതെന്ന് ഡോ.ബൈജു പറഞ്ഞു. വോട്ടർമാരെ ബോധവൽക്കരിക്കാനും വോട്ടർ സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ പദ്ധതിയാണ് സ്വീപ് എന്നറിയപ്പെടുന്ന സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാം. പദ്ധതിയുടെ ഭാഗമായി കോട്ടയം മണ്ഡലത്തിലെ ഐക്കണുകളായി ജസ്റ്റിസ് കെ.ടി തോമസ്, പായ് വഞ്ചിയിൽ ലോകം ചുറ്റിയ കമാൻഡർ അഭിലാഷ് ടോമി, മിസ് ട്രാൻസ് ഗ്ലോബൽ വിജയിയും മോഡലുമായ ശ്രുതി സിത്താര, ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി എന്നിവരെ നിശ്ചയിച്ചത്.

കന്നിവോട്ടർമാരെ ആകർഷിക്കാനാണ് മമിത ബൈജുവിനെ സ്വീപ് യൂത്ത് ഐക്കണായി തിരഞ്ഞെടുത്തത്. ജില്ലകൾ തോറും പൗരപ്രമുഖരെ ഐക്കണുകളായി നിശ്ചയിക്കാറുണ്ട്. നടൻ ടൊവിനോ തോമസാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംബാസഡർ.

Electoral Roll Error; Actress Mamitha Baiju is not able to cast her maiden vote.

MORE IN SPOTLIGHT
SHOW MORE