ചരിത്രമായി നാദിറ: മാപ്പിളപ്പാട്ടിൽ മാറ്റുരച്ച് ട്രാൻസ്ജെൻഡർ വിദ്യാര്‍ഥി

കേരള യൂണിവേഴ്സിറ്റി കലോൽസവത്തിൽ ട്രാന്‍ജെന്‍ഡര്‍ വിഭാഗത്തില്‍ മല്‍സരിക്കുന്ന ആദ്യ വിദ്യാര്‍ഥിയായി ചരിത്രം കുറിച്ച് നാദിറ മെഹ്റിന്‍. മാപ്പിളപ്പാട്ടില്‍ മാറ്റുരച്ച നാദിറ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥിയാണ്. മുപ്പത്തിയെട്ട് പോയിന്റുമായി മാര്‍ ഇവാനിയോസ് കോളജാണ് കലോൽസവത്തിൽ മുന്നില്‍.

മാപ്പിളപ്പാട്ടിന് ഒന്നാം സ്ഥാനം നേടി നാദിറ വിജയപീഢത്തിലേറിയപ്പോള്‍ പിന്നിലായത് ചരിത്രമാണ്. കലോല്‍സവത്തിന്റെ മുഖ വാചകം പോലെ അതിജീവനത്തിന്റെ പ്രതിരോധമാണ് നാദിറയും കലയിലൂടെ നേടിയത്. ആദ്യമായാണ് കേരള യൂണിവേഴ്സിറ്റി കലോല്‍സവത്തില്‍ ട്രാൻസ്ജെൻഡർ വിഭാഗത്തിന് മൽസരിക്കാനുള്ള അവസരമൊരുങ്ങുന്നത്. ആ അവസരം നാദിറ ലക്ഷ്യത്തിലെത്തിച്ചു. ആൺ, പെൺ വിഭാഗങ്ങൾ പോലെ ട്രാൻസ്ജെൻഡർ വിഭാഗത്തിനും പ്രത്യേകം മൽസരങ്ങളുണ്ട്. മുൻപ് മൽസരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും സമ്മാനം ലഭിക്കുന്നത് ഇതാദ്യം. വലിയ സന്തോഷത്തിനിടയിലും ചെറിയൊരു സങ്കടവുമുണ്ട്.

മുമ്പ് കലോല്‍സവങ്ങളില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാടിയിരുന്ന അതേ പാട്ടു തന്നെ പാടിയാണ് സമ്മാനം നേടിയത്.  യൂണിവേഴ്സിറ്റി കോളജിലെ എം.എ.പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയാണ് നാദിറ.