പുറത്തിറങ്ങിയാൽ കാക്ക ആക്രമിക്കും; 3 കൊല്ലം പഴക്കമുള്ള പ്രതികാരം; അക്കഥ

മനുഷ്യനെപ്പോലെ തന്നെ മൃഗങ്ങളുടെയും പക്ഷികളുടെയും ഉള്ളിൽ പ്രതികാര പക ഉണ്ടാകുമെന്നതിന് ഒരു തെളിവ് കൂടി. കാക്കകളാണ് ഇവിടെ പ്രതികാരത്തിന് ഇറങ്ങിയിരിക്കുന്നത്. അതിന് ഇരയായിരിക്കുന്നത് ഒരു യുവാവും. മൂന്ന് വര്‍ഷമായി യുവാവിനെ കാക്കകള്‍ തുരത്തുകയാണ്. വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കില്ല. കൂട്ടമായി പറന്നെത്തിയുള്ള കാക്കകളുടെ ആക്രമണത്തില്‍ പലപ്പോഴും ഇയാള്‍ക്ക് ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്. 

മധ്യപ്രദേശിലെ ശിവപുരിയിലെ സുമേല ഗ്രാമത്തിലാണ് സംഭവം. ഇവിടെ താമസിക്കുന്ന ശിവ കേവാത് എന്ന യുവാവാണ് കാക്കകളുടെ ഇര. കാക്കകളുടെ ഈ ആക്രമണത്തിന് പിന്നില്‍ ഒരു കഥയുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് സംഭവം. ശിവ നടന്നുപോകുന്ന സമയത്ത് പരിക്കേറ്റ് അവശനിലയിലായ കാക്കകുഞ്ഞ് നിലത്ത് വീണുകിടക്കുന്നത് കണ്ടു. അലിവ് തോന്നിയ ശിവ കാക്കകുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചു. നിര്‍ഭാഗ്യവശാല്‍ കാക്കകുഞ്ഞ് ശിവയുടെ കൈയില്‍ കിടന്ന് ചത്തു.

ഇതോടെ കാക്കകള്‍ ആക്രമിക്കാന്‍ തുടങ്ങി. ആക്രമണം തുടര്‍ക്കഥയായി. ഇപ്പോള്‍ ചായക്കടയിലേക്ക് പോകുമ്പോള്‍ പോലും വടിയും കൈയില്‍ കരുതിയാണ് ശിവ പുറത്തിറങ്ങുക. എന്നാലും കാക്കകള്‍ ആക്രമിക്കുമെന്ന് ശിവ പറയുന്നു.  പ്രൊഫസര്‍ അശോക് കുമാര്‍ മുഞ്ജാല്‍ എന്ന ഗവേഷകൻ പറയുന്നത് പക്ഷികളിൽ ഓർമശക്തിയും പ്രതികാരബുദ്ധിയും കൂടുതലുള്ളത് കാക്കയ്ക്കാണ് എന്നാണ്.