മലയാളി സ്പൈഡര്‍മാന്‍ ഭിത്തിയില്‍; ധൈര്യം പകര്‍ന്നത് ‘ബാഹുബലി’; വിസ്മയിപ്പിച്ച് ആറു വയസുകാരൻ

ബാഹുബലി കണ്ട ആറു വയസുകാരന്‍ ആന്‍വിന്‍ ആദ്യം തിണ്ണയില്‍ നിന്ന് താഴേയ്ക്കു ചാടി. പിന്നെ, മുറ്റത്തെ മരത്തില്‍ പൊത്തിപിടിച്ചു കയറി. ഇതൊന്നും കണ്ടപ്പോള്‍ വീട്ടുകാര്‍ അമ്പരന്നില്ല. പുലിമുരുകനില്‍ പുലിയെ കൊല്ലാന്‍ മോഹന്‍ലാല്‍ പാറപ്പുറത്ത് ഓടിക്കയറുന്ന സീന്‍ കണ്ട ശേഷം പയ്യന്‍ നേരെ ഭിത്തിയില്‍ കയറി. 

ആദ്യത്തെ പരിശ്രമങ്ങളില്‍ താഴേയ്ക്കു പോന്നു. പക്ഷേ, പിന്നെ ഭിത്തിയില്‍ കയറി മുകളില്‍ തൊട്ട് താഴെയിറങ്ങും. അതും നിമിഷ നേരത്തിനുള്ളില്‍. തൃശൂര്‍ കയ്പറമ്പ് കനാല്‍പാലം സ്വദേശി ആന്‍വിനാണ് ഈ മലയാളി സ്പൈഡര്‍മാന്‍. ആറു വയസായിട്ടേയുള്ളൂ. മുണ്ടൂര്‍ സെന്റ് മേരീസ് സ്കൂളിലെ വിദ്യാര്‍ഥിയാണ്. ഭിത്തിയില്‍ ഓടിക്കയറും. സീലിങ്ങില്‍ തൊടും. വാതിലിന്റെ മധ്യേ ശരീരം കുറകെ പിടിച്ച് മുകളിലേക്ക് കയറാനും കഴിയും. മറ്റു വിദ്യാര്‍ഥികളെ അപേക്ഷിച്ച് ശാരീരിക ക്ഷമത കൂടുതലാണ്. പിതാവ് ബിജു വടക്കനും സഹോദരന്‍ ബാബു വടക്കനും ആന്‍വിനെ പിന്തുണച്ചു. കുടുംബത്തിലെ മറ്റുള്ളവര്‍ക്കു ഈ കാഴ്ച കാണാന്‍ പേടിയാണ്. 

സ്പൈഡര്‍മാനെ പോലെ ഭിത്തിയില്‍ കൂളായി കയറുന്നത് നാട്ടിലെങ്ങും പാട്ടാണ്. നാട്ടുകാരും ബന്ധുക്കളും ഇടയ്ക്കിടെ വീട്ടില്‍ വരും സ്പൈഡര്‍മാന്റെ ഭിത്തിക്കയറ്റം കാണാന്‍. ഫുട്ബോളിലാണ് ആന്‍വിന് കമ്പം. പിന്നെ, വലുതാകുമ്പോള്‍ പൊലീസ് ആകണം. സ്പൈഡര്‍മാന്റെ ഭിത്തിക്കയറ്റം വീഡിയോ താഴെ.