വിളിക്കാത്ത കല്ല്യാണം വരെ ഉണ്ടു; പ്രളയാനുഭവം പറഞ്ഞ് ഇൗ പെൺകുട്ടി

 ‘പ്രളയക്കെടുതിയിൽ നിന്നു രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയിൽ വിശപ്പു സഹിക്കാനാകാതെ വിളിക്കാത്ത കല്യാണത്തിന്റെ സദ്യ കഴിക്കേണ്ടി വന്ന‍ു’–അഭിമാനബോധത്തിനു മേലെ ജീവിതത്തിന്റെ യഥാർഥമുഖം കണ്ടതിന്റെ അമ്പരപ്പുകൾ രമ്യ കൃഷ്ണ മങ്കൊമ്പ് അവിട്ടം തിരു നാൾ വിഎച്ച്എസ്എസിലെ അസംബ്ലിയിൽ വിവരിച്ചു.‘ പ്രതീക്ഷകൾക്കപ്പുറം വെള്ളം വീട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു. നീന്തിയും തുഴഞ്ഞും ബോട്ട് ജെട്ടിവരെയെത്തി. മണിക്കൂറുകൾ രക്ഷാബോട്ട് തേടി അരയ്ക്കൊപ്പം വെള്ളത്തിൽ അവിടെ കാത്തിരുന്നു. 

ആരും വന്നില്ല. രാത്രിയോടെ സമീപത്തെ ഉയർന്ന വീട്ടിൽ അഭയം തേടി. അടുത്തദിവസം രക്ഷകരെത്തി. കരയിലേക്ക്. അതിനിടയിലാണു വിശപ്പുസഹിക്കാതെ വിവാഹസദ്യ കഴിക്കേണ്ടി വന്നത്. തകഴിയിൽ അമ്മ വീട്ടിലെത്തിയപ്പോൾ അവിടെ മുറ്റത്തു മാത്രമേ വെള്ളമുണ്ടായിരുന്നുള്ളൂ. അടുത്ത ദിവസം അവിടെയും വീട്ടിൽ വെള്ളം കയറി. അവിടെ നിന്ന് അകന്ന ബന്ധുവിന്റെ വീട്ടിൽ അഭയംതേടി. വെള്ളപ്പൊക്കം തീർന്നെന്നറിഞ്ഞു തിരിക വീട്ടിലെത്തിയപ്പോൾ പുസ്തകങ്ങളുൾപ്പെടെ എല്ലാം കുതിർന്നു നശിച്ചിരുന്നു–’ രമ്യ കൃഷ്ണയുടെ അനുഭവം ഏതെങ്കിലും രീതിയിൽ അനുഭവിക്കാത്തവരായി ആരുമുണ്ടായിരുന്നില്ല.