ഗുഹയിൽ നിന്ന് കൂട്ടുകാർ രക്ഷപെട്ടതിന്റെ ആശ്വാസത്തിൽ തായ്‌ലന്റുകാരൻ വ്രാപ്രാച്ച് കേരളത്തിൽ

മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ തായ്‌ലൻഡ് സ്വദേശി സ്വദേശി വ്രാപ്രാച്ച് ക്രൈതിക് സഹപാഠികൾക്കൊപ്പം

തായ്‌ലൻഡിൽ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ കുട്ടികളെ പുറത്തെത്തിച്ച വാർത്ത വളരെ സന്തോഷത്തോടെയാണ് കേരളവും വായിച്ചത്. ഇപ്പോഴിതാ കോട്ടയത്തു നിന്ന് മറ്റൊരു വാർത്ത എത്തിയിരിക്കുന്നു. തായ്‌ലൻഡിൽ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ രണ്ട് കുട്ടികളുടെ സഹപാഠി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണെന്ന്.  കളിക്കൂട്ടുകാർ അകപ്പെട്ട അപകടത്തിന്റെ ആശങ്ക ഒഴിഞ്ഞ ആശ്വാസത്തിലാണ് ഒരു ഒൻപതാം ക്ലാസുകാരൻ വ്രാപ്രാച്ച്.

ഗുഹയിൽ അകപ്പെട്ടവരിൽ രണ്ടു വിദ്യാർഥികൾ വ്രാപ്രാച്ചിന്റെ സഹപാഠികളായിരുന്നു. കഴിഞ്ഞ ദിവസം മനോരമയിൽവന്ന ചിത്രത്തിലൂടെയാണ് വ്രാപ്രാച്ച് അവരെ തിരിച്ചറിഞ്ഞത്. കളിക്കൂട്ടുകാർക്കുണ്ടായ അപകടത്തെപ്പറ്റി അറിഞ്ഞയുടൻ വ്രാപ്രാച്ച് തായ്‌ലൻഡിലെ വീട്ടിലേക്കു വിളിച്ചിരുന്നു.

താം ലുവാങ് ഗുഹ മാത്രമല്ല അപകടരമായ മറ്റു ഗുഹകളും തായ്‌ലൻഡിൽ ഉണ്ടെന്നു വ്രാപ്രാച്ച് പറയുന്നു. ഓരോ വർഷവും പതിനായിരക്കണത്തിനു വിനോദ സഞ്ചാരികളെത്തുന്ന സ്ഥലങ്ങളെയും അവിടുത്തെ അപകടസാധ്യതകളെയും കുറിച്ചു ലേബർ ഇന്ത്യയിലെ സഹപാഠികളോട് വ്രാപ്രാച്ച് വിശദീകരിച്ചു. മലകളും ഒട്ടേറെ ഗുഹകളുമുള്ള പ്രദേശമാണു തന്റെ താമസസ്ഥലമായ ചിയാങ് റായ് എന്നു വ്രാപ്രാച്ച് ക്രൈതിക് പറഞ്ഞു. ഈ അധ്യയന വർഷമാണു ഗുരുകുല വിദ്യാഭ്യാസ രീതിയിൽ ആകൃഷ്ടനായി വ്രാപ്രാച്ച് ലേബർ ഇന്ത്യ പബ്ലിക് സ്‌കൂളിൽ എത്തിയത്.