തായ് ഗുഹയില്‍ നിന്നും രക്ഷപ്പെടുത്തി; 5 വർഷത്തിന് ശേഷം ദുവാങ്പെച്ച് പ്രോംതെപ് അന്തരിച്ചു

തായ്‌ലൻഡിലെ ഗുഹയിൽ നിന്നും 2018 ൽ രക്ഷപ്പെടുത്തിയ 12 കുട്ടികളിൽ ഒരാളായ ‘വൈൽഡ് ബോർ’ ഫുട്ബോൾ സംഘത്തിന്റെ ക്യാപ്റ്റൻ ദുവാങ്പെച്ച് പ്രോംതെപ് (17) ലോകത്തോട് വിടപറഞ്ഞു. ബ്രിട്ടനിലെ ബ്രൂക്ക് ഹൗസ് ഫുട്ബോൾ അക്കാദമിയിൽ പരിശീലനം നടത്തുകയായിരുന്ന പ്രോംതെപിനെ ലെയ്സെസ്റ്റർഷറിലെ താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രോംതെപിൻറെ തലയ്ക്ക് പരുക്കേറ്റിരുന്നതായി തായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ഓഗസ്റ്റിലാണ് അക്കാദമിയിൽ ചേർന്ന് പഠിക്കാനുള്ള സ്കോളർഷിപ്പ് പ്രോംതെപിന് ലഭിച്ചത് . ജന്മനാടായ ചിയാങ് റായിലുള്ള വാട്ട് ദോയി വാവൊ ക്ഷേത്രത്തിൽ ഫുട്ബോൾ സംഘം ഒത്തുചേരുമായിരുന്നു. പ്രോംതെപിന്റെ അമ്മ ക്ഷേത്രത്തിൽ വിവരം അറിയിച്ചപ്പോഴാണ് മരണവാർത്ത ലോകമറിഞ്ഞത്. 

2018 ജൂണിൽ ഫുട്ബോൾ പരിശീലനം കഴിഞ്ഞു മടങ്ങുന്ന വഴിയാണു 12 സ്കൂൾ വിദ്യാർഥികളും പരിശീലകനും താം ലുവാങ് ഗുഹയിൽ കയറിയത്. ഗുഹയിൽ പെട്ടെന്നു വെള്ളം നിറഞ്ഞ് ഇവർ കുടുങ്ങിയതോടെ രാജ്യാന്തര വാർത്തയായി. ഗുഹയിൽനിന്നു പുറത്തിറങ്ങിയ പ്രോംതെപിന്റെ ചിരിക്കുന്ന മുഖം രക്ഷാപ്രവർത്തനത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു.

Teenager who survived thai cave rescue died