ദേഹത്ത് ക്യാമറ ഘടിപ്പിച്ച് റഫറി; ക്യാമറയും കൂടെ ഓടട്ടെ..!

ഇംഗ്ലീഷ്  പ്രിമിയര്‍ ലീഗ് ഫുട്ബോളില്‍  മാഞ്ചസ്റ്റര്‍ യുണൈറ്റഡ്  ക്രിസ്റ്റല്‍ പാലസ് മല്‍സരം നിയന്ത്രിച്ച റഫറി ജാറഡ് ഗില്ലറ്റ് ചരിത്രത്തിലേക്ക്.  പ്രിമിയര്‍ ലീഗീല്‍ ആദ്യമായി  ശരീരത്തില്‍ ക്യാമറ ഘടിപ്പിച്ച്  മല്‍സരം വിസില്‍ ചെയ്യാനിറങ്ങിയ  റഫറിയായി ഗില്ലറ്റ്.

റഫറിയുടെ മൈക്കിനോട് ചേര്‍ന്ന്  ചെവിയുടെ ഭാഗത്തായാണ് റഫ്ക്യാം  എന്നു പേരിട്ട  ക്യാമറ ഘടിപ്പിച്ചിരുന്നത്. മല്‍സരത്തിന്‍റെ തുടക്കംമുതല്‍ ഫൈനല്‍ വിസില്‍ വരെയുള്ള  ദൃശ്യങ്ങളും കളിക്കാരുടെ സംഭാഷണങ്ങളുമെല്ലാം  ക്യാമറ പകര്‍ത്തി. ഇവ തല്‍സമയ സംപ്രേക്ഷണത്തിന് ഉപയോഗിച്ചില്ലെങ്കിലും  പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചൊരു ഡോക്യുമെന്‍ററി പുറത്തിറക്കാനാണ് ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ ആലോചിക്കുന്നത്. 

കളിക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്താനും റഫറിമാരോടുള്ള സമീപനം മികച്ചതാക്കാനും റഫ്ക്യാം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഫുട്ബോളിന്‍റെ നിയമനിര്‍മാണ സമിതിയായ ഇഫാബിന്‍റെ അനുവാദത്തോടെയാണ് റഫ്ക്യാം മല്‍സരത്തില്‍ ഉപയോഗിച്ചത്.  നേരത്തെ ജര്‍മന്‍ ബുന്ദസ് ലിഗയിലും റഫ്ക്യാം ഉപോയോഗിച്ചിരുന്നു. മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസ് 4–0ത്തിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചു. സീസണില്‍ യുണൈറ്റഡിന്‍റെ പതിമൂന്നാം ലീഗ് തോല്‍വിയാണിത്.