10 കോടിയുടെ ‘ദഹനശിഷ്ടം’; ഒറ്റ രാത്രികൊണ്ട് കോടിപതിയായി മത്സ്യത്തൊഴിലാളി

കടപ്പാട്; വൈറൽ പ്രസ്

തായ്‌ലൻഡിൽ ഒരു മത്സ്യത്തൊഴിലാളിയെ ഭാഗ്യം കടാക്ഷിച്ചത് തിമിംഗലത്തിന്റെ ദഹനശിഷ്ടത്തിന്റെ രൂപത്തിലാണ്. നരോങ് ഫെച്ചാരാജ് എന്ന മത്സ്യത്തൊഴിലാളിക്കാണ് സൂററ്റ് താനി പ്രവിശ്യയിലെ നിയോം കടൽത്തീരത്തു നിന്നും പാറക്കഷണം പോലുള്ള ഒരു വസ്തു കിട്ടിയത്.

ആംബർഗ്രിസിനെക്കുറിച്ച് കേട്ടിട്ടുള്ളതിനാൽ കൈയിൽ കിട്ടിയ വസ്തുവിനെ സൂക്ഷ്മമായി തന്നെ പരിശോധിച്ചു. പാറക്കഷണം പോലെ തോന്നിക്കുന്ന വസ്തുവിൽ മെഴുകുപോലുള്ള ആവരണം കണ്ടപ്പോൾ തന്നെ ഇത് തിമിംഗലത്തിന്റെ ദഹനശിഷ്ടമായ ആംബർഗ്രിസ് ആണെന്ന് മനസ്സിലാക്കി. വിശദമായ പരിശോധനയ്ക്കായി സോങ്ക്‌ല യൂണിവേഴ്സിറ്റിയിലെ വിദഗ്ധരെയും കാണിച്ചു. അതിനു ശേഷമാണ് കോടികൾ വിലമതിക്കുന്ന ആംബർഗ്രിസാണ് തനിക്കു കിട്ടിയതെന്ന് ഉറപ്പിച്ചത്. 30 കിലോയോളം ഭാരമുള്ള  ആംബർഗ്രിസാണ് നരോങ് ഫെച്ചാരാജിന് ലഭിച്ചത്.വിപണിയിൽ ഇതിന് 10 കോടിയോളം വില ലഭിക്കും.

കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്നൊക്കെയാണ് സ്പേം തിമിംഗലങ്ങളുടെ ദഹനശിഷ്ടം അഥവാ ആംബർഗ്രിസ് അറിയപ്പെടുന്നത്. അത്യപൂർവമാണിത്.  പ്രധാനമായും സുഗന്ധദ്രവ്യങ്ങളുടെ നിർമാണത്തിനാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്. തിമിംഗലം പുറന്തള്ളുമ്പോൾ ആദ്യം ദ്രവമായിട്ടാണ് ഇത് കാണപ്പെടുന്നത്. രൂക്ഷമായ ഗന്ധവും അപ്പോൾ ഇതിനുണ്ടാകും. പിന്നീടാണ് ഈ വസ്തു ഖരരൂപത്തിലെത്തുന്നത്. ഇതിന് നേരിയ സുഗന്ധവുമുണ്ടാകും. വിപണിയിൽ സ്വർണത്തോളം വിലമതിക്കുന്ന വസ്തുവാണിത്.പ്രധാനമായും സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനാണ് ആംമ്പർഗ്രിസ് ഉപയോഗിക്കുക.