ജയലളിതയുടെ "മക്കള്‍"

അമൃത സാരഥി

ജയലളിതയുടെ മകളാണെന്നവകാശപ്പെട്ടാണ് അമൃത സാരഥി എന്ന മുപ്പത്തിയേഴുകാരി ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചത്. മറീന ബീച്ചില്‍ സംസ്കരിച്ച ജയലളിതയുടെ മൃതദേഹം പുറത്തെടുത്ത് ഡി.എന്‍.എ പരിശോധന നടത്താന്‍ നിര്‍ദേശിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ സുപ്രീംകോടതി ഹര്‍ജി സ്വീകരിച്ചില്ല. ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.  മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനാണ് അമൃതയുടെ തീരുമാനം. ഡി.എന്‍.എ പരിശോധന നടത്തിയാല്‍ മകളാണെന്ന് തെളിയുമെന്നും തുടര്‍ന്ന് അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുമാണ് കോടതിയെ സമീപിക്കുക. തമിഴ്നാട്ടില്‍ ഇതിന് മുമ്പും ജയലളിതയുടെ മക്കള്‍ വാദം വിവാദമായിട്ടുണ്ട്. 

രൂപസാദ്യശ്യമുള്ള "ദിവ്യ"

ജയലളിതയുടെ മരണശേഷം മക്കളാണെന്ന് അവകാശപ്പെട്ട് രംഗത്തുവരുന്ന മൂന്നാമത്തെയാളാണ് അമൃത. നേരത്തെ ജയലളിതയോട് രൂപസാദൃശ്യമുള്ള ദിവ്യ രാമനാഥന്‍റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതും വിവാദമായിരുന്നു. ഡിസംബറില്‍ നടന്ന ആ സംഭവമാണ് തുടക്കം. ജയലളിതയുടെ മകളാണെന്ന് പറഞ്ഞായിരുന്നു ദിവ്യയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.  ജയലളിതയുമായി അത്രയധികം രൂപസാദൃശ്യമുണ്ടായിരുന്നു അവര്‍ക്ക്. എന്നാല്‍ തന്‍റെ ഭാര്യാ സഹോദരിയാണ് ദിവ്യയെന്നും ജയലളിതയുടെ മകളല്ലെന്നും വ്യക്തമാക്കി മൃദംഗ വിദ്വാന്‍ വി.ബാലാജി തന്നെ രംഗത്തെത്തിയത് വിവാദത്തിന് വിരാമമിട്ടു. ഒസ്ട്രേലിയയില്‍ ഭര്‍ത്താവിനൊപ്പം കഴിയുകയാണ് ദിവ്യ രാമനാഥന്‍ വീരരാഘവനിപ്പോള്‍.

ജയലളിതയുടെയും എം.ജി.ആറിന്‍റെയും "മകള്‍"

കഴിഞ്ഞ മാര്‍ച്ചിലാണ് പരസ്യമായി ജയലളിതയുടെ മകളെന്നവകാശപ്പെട്ട്  പ്രിയ മഹാലക്ഷ്മി രംഗത്തുവരുന്നത്. കൃഷ്ണഗിരി സത്യസായി നഗറില്‍ വി.ഐ.പിയായി ജീവിക്കുകയായിരുന്നു ഇവര്‍. ജയലളിതയുടെ മകളെന്ന് സ്വയം വിശേഷിപ്പിച്ച ഇവരെ കാണാന്‍ പ്രത്യേക അനുമതി വാങ്ങേണ്ട സാഹചര്യമായിരുന്നു. ജയലളിതയുടെയും എം.ജി.ആറിന്‍റെയും മകളാണെന്ന് അവകാശപ്പെട്ട് മാധ്യമങ്ങളിലൂടെ രംഗത്തെത്തിയതിനെ തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയാണുണ്ടായത്.

ജയലളിത

ജയലളിതയുടെയും  ശോഭന്‍ ബാബുവിന്‍റെയും "മകന്‍"

കഴിഞ്ഞ ഏപ്രിലിലാണ് ജെ.കൃഷ്ണമൂര്‍ത്തി എന്ന ഇരുപത്തിയെട്ടുകാരന്‍ ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുന്നത്. ജയലളിതയുടെയും ശോഭന്‍ ബാബുവിന്‍റെയും മകനാണെന്നായിരുന്നു അവകാശവാദം.  ശോഭന്‍ ബാബുവുമായി ജയലളിതയ്ക്ക് രഹസ്യബന്ധം ഉണ്ടായിരുന്നു എന്നൊരു കഥ പരന്നിരുന്നു. അതില്‍ പിടിച്ചാണ് കൃഷ്ണമൂര്‍ത്തിയുടെ രംഗപ്രവേശം. ഹര്‍ജി പരിഗണിച്ച കോടതി രേഖകള്‍ സിറ്റി പൊലീസ് കമ്മിഷ്ണര്‍ക്ക് കൈമാറാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തിരുപ്പൂരില്‍ വച്ച് ഇയാളുടെ യഥാര്‍ഥ രക്ഷിതാക്കളെ കണ്ടെത്തി. ശേഷം കേസ് പരിഗണിച്ച കോടതി ഹര്‍ജി തള്ളുകയും ഇയാളെ അറസ്റ്റ് ചെയ്ത് നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കോടതി ഉത്തരവ് പ്രകാരം ഇയാളെ  ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഇപ്പോള്‍ "അമൃത"

ബെംഗളൂരുവില്‍ താമസിക്കുന്ന അമൃതയാണ് ഇപ്പോള്‍ അവകാശവാദവുമായി എത്തിയത്. ജയലളിതയുടെ സഹോദരിയാണെന്ന് പറഞ്ഞ് നേരത്തെ ഷൈലജ എന്ന സ്ത്രീ രംഗത്തെത്തിയിരുന്നു. ആ ഷൈലജയുടെയും പാര്‍ഥ സാരഥിയുടെയും മകളായി ജീവിക്കുകയായിരുന്നു അമ‍ൃത. ഷൈലജയും പാര്‍ഥസാരഥിയും ഇന്ന് ജീവിച്ചിരിപ്പില്ല.   ജയലളിതയുടെ മരണ ശേഷമാണ് താന്‍ മകളാണെന്ന് അറിഞ്ഞതെന്നാണ് അമൃത പറയുന്നത്. അച്ഛന്‍ മരിക്കുന്ന സമയത്താണ് ഇക്കാര്യം അറിയിച്ചത്. പിന്നീട് ജയലളിതയുടെ ബന്ധുക്കളായ എല്‍.എസ്.ലളിതയും രഞ്ജിനി രവീന്ദ്രനാഥും ആവര്‍ത്തിച്ചു. കുടുംബത്തിന്‍റെ അഭിമാനം തകരാതിരിക്കാന്‍ ഷൈലജയും പാര്‍ഥസാരഥിയും തന്നെ എടുത്ത് വളര്‍ത്തുകയായിരുന്നു. പോയസ് ഗാര്‍ഡനിലും സെക്രട്ടേറിയറ്റിലും പലതവണ ജയലളിതയെ പോയി കണ്ടിട്ടുണ്ട്. അമ്മയുടെ സ്നഹത്തോടെ അവര്‍ ആശ്ലേഷിച്ചിട്ടുണ്ടെന്നും അപ്പോഴൊന്നും അമ്മയാണെന്ന് മനസിലാക്കാന്‍ പറ്റിയില്ലെന്നുമാണ് അമൃത പറയുന്നത്. ഇതൊക്കെ ഒ.പനീര്‍സെല്‍വത്തിന് അറിയാമെന്നും അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ജയലളിതയ്ക്ക് മകളുണ്ടെന്ന് പറഞ്ഞെങ്കിലും അത് അമൃതയാണെന്ന് പറഞ്ഞില്ലെന്നാണ് എല്‍.എസ്.ലളിത വ്യക്തമാക്കിയത്. അമ്മ ജയലളിതയാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അച്ഛനാരെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അമൃത ഉത്തരം നല്‍കിയില്ല. 

രേഖകള്‍ പ്രകാരം ജയലളിതയ്ക്ക് ജയകുമാര്‍ എന്ന സഹോദരന്‍ മാത്രമാണ് ഉള്ളത്. ജയകുമാറിന് ദീപ, ദീപക് എന്നീ രണ്ട് മക്കളും. മക്കളെന്ന പേരില്‍ ആളുകളെ രംഗത്തിറക്കി കുടുംബത്തില്‍ കലഹമുണ്ടാക്കാനുള്ള മന്നാര്‍ഗുഡി സംഘത്തിന്‍റെ ശ്രമമാണിതെന്നാണ് ദീപയുടെ ആരോപണം.

എന്തായാലും, നിയമ പോരാട്ടം തുടരാനാണ് അമൃതയുടെ തീരുമാനം. ജയലളിതയുമായുള്ള ബന്ധം ഒ.പി.എസിനുപോലും അറിയാം എന്ന് പറഞ്ഞ സ്ഥിതിക്ക് ഇവര്‍ക്കെതിരെ നിയമനടപടിയടക്കം ഉണ്ടാകാനും സാധ്യതയുണ്ട്.