എ.ഐ.എ.ഡി.എം.കെയിലെ അധികാര തർക്കം; നിർണായക ഇടപെടലുമായി സുപ്രീംകോടതി

എ.ഐ.എ.ഡി.എം.കെയിലെ അധികാര തർക്കത്തിൽ നിർണായക ഇടപെടലുമായി സുപ്രീംകോടതി. പാർട്ടി ജനറൽ കൗൺസിലിൽ പ്രമേയം അവതരിപ്പിക്കാൻ മദ്രാസ് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇ. പളനിസ്വാമി പക്ഷം നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. 

നിയമാനുസൃതമായ നടപടികൾ പാലിച്ച് ജനറൽ കൗൺസിൽ വിളിച്ചു ചേർക്കാനും കോടതി അനുമതി നൽകി.  പനീർശെൽവം  പക്ഷം നൽകിയ ഹർജിയിൽ ആയിരുന്നു പ്രമേയങ്ങൾ അവതരിപ്പിക്കുന്നത് ഹൈക്കോടതി വിലക്കിയത്. എ.ഐ.ഡി.എം.കെയിലെ ഇരട്ട നേതൃ പദവി ഒഴിവാക്കി ഇ.പളനി സ്വാമിയെ മാത്രം  നേതാവായി പ്രഖ്യാപിക്കുന്നതിന് ജനറൽ കൗൺസിൽ യോഗം ചേരാനിരിക്കെയായിരുന്നു ഇത്. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവോടെ നേതൃമാറ്റത്തിനുള്ള നടപടികളുമായി ഇ.പി.എസ് പക്ഷത്തിന് മുന്നോട്ടുപോകാം