അന്നു ജയലളിത പറഞ്ഞു: മോദിക്കെതിരെ ഇറങ്ങൂ; ഇന്ന് പക്ഷേ കീഴടങ്ങി

തമിഴ്നാട്ടില്‍ നിലനില്‍പിന് വേണ്ടിയുള്ള അണ്ണാ ഡി.എംകെയുടെ കീഴടങ്ങലാണ് സഖ്യ രൂപീകരണം. ബിജെപിയുടെ സമ്മര്‍ദത്തിന് വഴങ്ങിയില്ലെങ്കില്‍ നേരിടേണ്ടിവരിക വലിയ പ്രതിസന്ധികളായിരുന്നു. പാട്ടാളി മക്കള്‍ കക്ഷിയുമായി സഖ്യമുണ്ടാക്കിയത് സര്‍ക്കാര്‍ വീഴുന്നത് തടയാനുള്ള തന്ത്രത്തിന്‍റെ ഭാഗമായാണ്.

2014 ല്‍ മോദിക്കെതിരെ രംഗത്തിറങ്ങാനായിരുന്നു അണികളോട് അന്നത്തെ മുഖ്യമന്ത്രി ജയലളിത പറഞ്ഞത്. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ബിജെപിയുമായി അണ്ണാ ഡിഎംകെ സഖ്യത്തിലേര്‍പ്പെട്ടു. ആദായനികുതി റെയ്ഡുകള്‍, അഴിമതി കേസുകളിലെ സിബിഐ അന്വേഷണം, ഒപിഎസ് അടക്കമുള്ള പതിനൊന്ന് എംഎല്‍എ മാര്‍ നേരിടുന്ന അയോഗ്യത കേസ് തുടങ്ങിയവയാണ് അണ്ണാഡിഎംകെ നേതൃത്വത്തെ സമ്മര്‍ദത്തിലാക്കിയത്. 2014 ല്‍ 5.5 ശതമാനം മാത്രമാണ് ബിജെപിയുടെ വോട്ട് വിഹിതം.

പിഎംകെയുടെ നിലപാട് മാറ്റം ചോദ്യം ചെയ്യപ്പെടുമെന്ന് തീര്‍ച്ചയാണ്. പക്ഷേ എടപ്പാടി സര്‍ക്കാരിനെ സംബന്ധിച്ച് ചോദിക്കുന്നതെല്ലാം കൊടുത്ത് പിഎംകെയെ സഖ്യത്തിന്‍റെ ഭാഗമാക്കണമായിരുന്നു. അണ്ണാഡിഎംകെയ്ക്ക് സ്വാധീനമില്ലാത്ത വടക്കന്‍ തമിഴ്നാട്ടില്‍ പിഎംകെയ്ക്ക് കൃത്യമായ വോട്ട് ഷെയര്‍ ഉണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഇരുപത്തിയൊന്ന് നിയമസഭ മണ്ഡലങ്ങളില്‍ എട്ടോളം മണ്ഡലങ്ങള്‍ ഈ മേഖലയിലാണ് താനും. ഉപതിരഞ്ഞെടുപ്പ് ജയിക്കാനായില്ലെങ്കില്‍ ഭരണം വീഴും. അതുകൊണ്ടാണ് അന്‍പുമണി രാമദാസിനോട് ഇത്ര വിട്ടുവീഴ്ചക്ക് തയ്യാറായത്. 2014ല്‍ പതിനാല് ശതമാനം വോട്ടാണ് പിഎംകെ സഖ്യം നേടിയത്.