'രണ്ടാം സ്വാതന്ത്ര്യ സമരമാണ് ഈ തിരഞ്ഞെടുപ്പ്; മഹുവ മൊയ്ത്ര

mahua-moitra
SHARE

കേരളത്തില്‍ ജോലിക്കുപോയ നല്ല ശതമാനം ബംഗാളികള്‍ തനിക്ക് വോട്ടുചെയ്യാന്‍ മടങ്ങിയെത്തുമെന്ന് കൃഷ്ണനഗറിലെ സ്ഥാനാര്‍ഥി മഹുവ മൊയ്ത്ര. സന്ദേശ്ഖാലി ഒരു പഞ്ചായത്തിലെ മാത്രം വിഷയമാണെന്ന് മഹുവ.  ബംഗാളിൽ ബിജെപിക്ക് വൻകുതിപ്പ് ഉണ്ടാകുമെന്നത് വെറും പ്രചാരണം മാത്രമാണെന്നും മഹുവ മനോരമ ന്യൂസിനോട് പറഞ്ഞു. 

ബംഗ്ലദേശ് അതിർത്തി ഗ്രാമമായ സാദിപൂരിൽ പൊള്ളുന്ന പകൽവെയിലിനെ അവഗണിച്ച്  നൂറുകണക്കിന് തൃണമൂല്‍ പ്രവര്‍ത്തകര്‍ മഹുവാ മൊയ്ത്രയുടെ റോഡ് ഷോയ്ക്ക് കാത്തുനിന്നു. കൃഷ്ണനഗറിൽ ബൂത്തുതലം വരെയുള്ള പാർട്ടിയെ നിയന്ത്രിക്കുന്നത് തൃണമൂലിന്‍റെ നദിയ ജില്ലാ പ്രസിഡന്‍റ് കൂടിയായ മഹുവ തന്നെയാണ്. കേരളത്തില്‍നിന്നടക്കം വോട്ടര്‍മാര്‍ തനിക്കായി പോളിങ് ദിവസം നാട്ടിലെത്തുമെന്ന് മഹുവ.

ലോക്‌സഭയിൽനിന്ന് പുറത്താക്കിയ വിവരം തന്‍റെ വോട്ടർമാരിൽ പകുതിയും അറിഞ്ഞിട്ടുപോലുമില്ലെന്ന് സ്ഥാനാര്‍ഥി. താഴെത്തട്ടിലുള്ള ബന്ധമാണ് കരുത്ത്. സ്ത്രീകൾക്കെതിരേയുള്ള അക്രമവും സന്ദേശ്ഖലിയും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ സംസ്ഥാന സർക്കാരിനെതിരെ ആക്രമണമഴിച്ചുവിടുകയാണ്. സ്ത്രീവോട്ടർമാർ ഇത്തവണ മമതയെ കൈവിടുമോ എന്ന ചോദ്യം ബാക്കിയാണ്.

തങ്ങളുടെ കണ്ണിലെ കരടായ മഹുവയെ വീഴ്ത്താൻ കൃഷ്ണനഗർ രാജകുടുംബാംഗമായ, രാജമാതാ എന്ന വിളിപ്പേരുള്ള, അമൃത റോയിയെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്. ബംഗ്ലദേശിൽനിന്ന് പലായനം ചെയ്ത മാതുവ സമുദായത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലം കൂടിയാണ് കൃഷ്ണനഗർ. പൗരത്വ ഭേദഗതി നിയമത്തിന്‍റെ ഗുണഭോക്താക്കളായ ഇവർ തങ്ങൾക്ക് വോട്ടുചെയ്യുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

MORE IN INDIA
SHOW MORE