'കാറ്റിനെതിരെ കേസെടുക്ക്'; ഫ്ലക്സ് വീണ് യുവതി മരിച്ചതിൽ എഐഎഡിഎംകെ നേതാവ്

ചെന്നൈ നഗരത്തിൽ ഫ്ലക്സ് വീണ് യുവതി മരിച്ച കേസിൽ വിചിത്ര ന്യായീകരണവുമായി അണ്ണാഡി.എം.കെ നേതാവ് സി പൊന്നയ്യൻ. കാറ്റ് ആണ് യുവതിയുടെ മരണത്തിന് ഉത്തരവാദി എന്നാണ് പ്രസ്താവന. കഴിഞ്ഞ മാസമാണ് സോഫ്റ്റ്‍വെയർ എഞ്ചിനിയർ ആയ ശുഭശ്രീയെന്ന ഇരുപത്തിരണ്ടുകാരി എഡിഎംകെ സ്ഥാപിച്ച ഫ്ലെക്സ് സ്കൂട്ടറിൽ വീണ് അപകടമുണ്ടായി മരിക്കുന്നത്. എഡിഎംകെ നേതാവ് ജയഗോപാലിന്റെ മകന്റെ വിവാഹത്തിനുയർത്തിയ ഫ്ലക്സ് ആയിരുന്നു അനധികൃതമായി റോഡിന് മധ്യത്തിലെ മീഡിയനിൽ സ്ഥാപിച്ചിരുന്നത്. 

ഇപ്പോൾ ഒരു തമിഴ് മാധ്യമത്തിന് നൽകിയിരിക്കുന്ന അഭിമുഖത്തിലാണ് പൊന്നയ്യൻ വിചിത്ര പ്രസ്താവന നടത്തിയിരിക്കുന്നത്. 'ബാനർ അവിടെ വച്ച ആളല്ല ആ കുട്ടിയുടെ മരണത്തിന് കാരണക്കാരൻ. ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെങ്കിലോ കേസ് ഫയൽ ചെയ്യണമെങ്കിലോ അത് കാറ്റിനെയാകാം' എന്നാണ് പൊന്നയ്യൻ പറഞ്ഞത്. സംഭവത്തിൽ എതിർപ്പുമായി എത്തിയ ഡിഎംകെ നേതാവ് സ്റ്റാലിനെതിരെയും പൊന്നയ്യൻ വിമർശനം ഉന്നയിക്കുന്നുണ്ട്. 

'ജനങ്ങൾക്കറിയാം സ്റ്റാലിൻ ഇക്കാര്യത്തിൽ നുണയും ഇല്ലാത്ത കാര്യങ്ങളുമാണ് പറ.ുന്നതെന്ന്. സുപ്രീം കോടതിയിൽ ഈ കേസ് എത്തട്ടെ. അവർ തീരുമാനിക്കട്ടെ. കരുണാനിധിയുടെ കാലത്ത് എണ്ണമില്ലാത്ത ബാനറുകൾ സ്ഥാപിച്ചിരുന്നത് ജഡ്ജിമാർക്ക് അറിയാൻ സാധിക്കും. ബാനറുകൾ ആ ശയവിനിമയത്തിനുള്ള ഉപാധികളിലൊന്നാണെന്നും' പൊന്നയ്യൻ പറഞ്ഞു. 

അപകടം ദേശീയ തലത്തിൽ തന്നെ ചർച്ചയാകുകയും ഹൈക്കോടതി ഇടപെടുകയും ചെയ്തിരുന്നു. ജയഗോപാൽ അടക്കം ഫ്ലക്സ് ഉയർത്തിയവർക്കെതിരെ നരഹത്യകുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ട്.