ദുരിതദിനങ്ങൾക്കൊടുവിൽ ആവേശം; കളിക്കളത്തിൽ ആരവമുയരും

കോവിഡ് വ്യാപനത്തെതുടര്‍ന്ന് താല്‍ക്കാലിക ആശുപത്രികളായി മാറിയ ഇറ്റലിയിലെ സ്റ്റേഡിയങ്ങളിലേയ്ക്ക് ഇന്നുമുതല്‍ കാണികളുടെ ആരവം മടങ്ങിയെത്തും. ഒന്നരവര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയധികം കാണികളെ സ്റ്റേഡിയത്തില്‍ അനുവദിക്കുന്നത്. 

കോവിഡിന്റെ ഭയനാകമായ അവസ്ഥ യൂറോപ്പ് ആദ്യമായി അടുത്തറിഞ്ഞത് ഇറ്റാലിയന്‍ ജനതയിലൂടെയായിരുന്നു. നാല് ലോകകിരീടങ്ങള്‍ സ്വന്തമായുള്ള ഇറ്റലിയിലെ ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ആശുപത്രികളായി മാറി. നിയന്ത്രണങ്ങളില്ലാത്ത സ്വതന്ത്രജീവിതത്തിലേയ്ക്ക് ഇനിയും ഇറ്റലി മടങ്ങിയെത്തിയിട്ടില്ല. യൂറോകപ്പ് വെറുമൊരു ഫുട്ബോള്‍ മല്‍സരത്തെക്കാളുപരി ഒരു വൈറസ് നല്‍കിയ നിരാശയില്‍ നിന്ന് പുറത്തുകടക്കാനുള്ള വഴികൂടിയാണ് അസൂറികള്‍ക്ക്. ഇറ്റാലിയന്‍ തലസ്ഥാനമായ റോമിലെ ഒളിംപിക്കോ സ്റ്റേഡിയത്തിലേയ്ക്ക് ഉദ്ഘാടന മല്‍സരം കാണാന്‍ പതിനയ്യായിരം  കാണികള്‍ക്കാണ് പ്രവേശനം. നാലുമല്‍സരങ്ങള്‍ക്കാണ് ഇറ്റലി വേദിയാകുന്നത്.