മേൽക്കൂരയിലെ ചില്ലുവിളക്ക് തകർത്ത ആ ഷോട്ട്; വോളിയിലെ കരുത്ത് ഓര്‍മകളില്‍

‘കാലം 1982. വേദി ചെന്നൈ എഗ്മോർ സ്റ്റേഡിയം. സൗത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള തയാറെടുപ്പ് കോര്‍ട്ടില്‍ നടക്കുന്നു. ട്രയല്‍ ഷൂട്ടിനായി ടീമുകള്‍ക്ക് അനുവദിച്ച സമയം. ഡാനിക്കുട്ടിയുടെ ഷോട്ട്. നിലത്തുനിന്ന് കുത്തിഉയര്‍ന്ന പന്ത് സ്റ്റേഡിയത്തിന്റെ റൂഫില്‍തൊട്ടു.  മേൽക്കൂരയിലെ ചില്ലുവിളക്ക് തകർന്നു. അവശിഷ്ടങ്ങള്‍ വീണ് കളി കാണാനിരുന്ന ഒരു വനിതയ്ക്ക് പരുക്കേറ്റു. അത്രയ്ക്കുണ്ടായിരുന്നു  ഡാനിക്കുട്ടി ഡേവിഡിന്റെ ഷോട്ടുകളുടെ കരുത്ത്’– അക്കാലമോര്‍ക്കുന്നത് കേരള ടീമില്‍ ഒപ്പമുണ്ടായിരുന്ന, ഡാനിക്കുട്ടിക്കൊപ്പം ഏറെ നാള്‍ സംസ്ഥാന ടീമിലും, ടൈറ്റാനിയം ടീമിലും സഹകളിക്കാരനായിരുന്ന സെബാസ്റ്റ്യന്‍ ജോര്‍ജ്.

80കളിലും 90 കളുടെ തുടക്കത്തിലും കേരള വോളിബോളിൽ നിറഞ്ഞിരുന്നു ഡാനിക്കുട്ടി ഡേവിഡ്.   ടൈറ്റാനിയത്തിനും കേരളത്തിനുമായി കളിച്ച കാലം. കളിക്കാരനായി മാത്രമല്ല. സംസ്ഥാനടീമിന്റെയും, സര്‍വകലാശാല ടീമിന്റെയുമൊക്കെ നായകനായും നിറഞ്ഞു. ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പുകളിലെ സ്ഥിരം സാനിധ്യം. 11 തവണ സീനിയർ ചാമ്പ്യന്‍ഷിപ്പില്‍ കുപ്പായമിട്ടു. 1981-82കാലം മുതല്‍ 92-93വരെ. 1981-82ൽ വാറംഗലിൽ നടന്ന ഇൻറർ വാഴ്സിറ്റി വോളിബോളിൽ കേരള സർവകലാശാല ജേതാക്കളായപ്പോൾ ഡാനിക്കുട്ടിയായിരുന്നു ടീമിന്റെ നായകൻ. പിന്നാലെ കേരള സീനിയർ ടീമിലെ സ്ഥിരംസാന്നിധ്യമായി.

ജിമ്മി ജോർജ്, ഉദയകുമാർ, അബ്ദുൽ റസാഖ്, സിറിൽ സി.വെള്ളൂർ തുടങ്ങിയ മഹാരഥന്‍മാരുടെ നിഴലായി പലപ്പോഴും ഡാനിക്കുട്ടി ഡാനിയല്‍ എന്ന അറ്റാക്കർ. 1985 ൽ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ക്യാപ്റ്റനായിരുന്നു. അതേ വർഷം ഡൽഹി നാഷണൽ ഗെയിംസിൽ സ്വർണം നേടിയ കേരള ടീമിൽ ഡാനിക്കുട്ടിയുമുണ്ടായിരുന്നു. കരിയറിലെ അവസാന കാലത്തുപോലും അദ്ദേഹം തകർപ്പൻ ഫോമില്‍ കളിച്ചു. . 92-93ൽ ടൈറ്റാനിയം ഫെഡറേഷൻ കപ്പ് നേടിയപ്പോൾ മികച്ച താരമായതും ഡാനിക്കുട്ടിതന്നെ.

കേരളത്തിന്റെ ചെറു ഗ്രാമങ്ങളിലും  കാണികളുടെ ആകർഷണ കേന്ദ്രമായിരുന്നു ആ താടിക്കാരൻ സുന്ദരൻ. 17 ദിവസം മുമ്പാണ് ടൈറ്റാനിയത്തിൽ നിന്ന് വിരമിച്ചത്.  ഉദയകുമാര്‍, സിറിയക് ഈപ്പന്‍, മണ്‍മറഞ്ഞ ആ തലമുറയിലെ പ്രതിഭകളുടെ നിരയില്‍ ഇപ്പോള്‍ ഡാനിക്കുട്ടി ഡേവിഡും.