ആശാന്‍ ഒരു പെര്‍ഫെക്ട് ജന്റില്‍മാന്‍; ബ്ലാസ്റ്റേഴ്സിന് നഷ്ടം; ജോപോള്‍ അഞ്ചേരി

vukonew
SHARE

ക്ലബ് വിടാനുള്ള ബ്ലാസ്റ്റേഴ്സ് ആശാന്‍ ഇവാന്‍ വുക്കുമനോവിച്ചിന്റെ തീരുമാനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നെന്ന് പ്രശസ്ത കമന്റേറ്ററും മുന്‍ രാജ്യാന്തര താരവുമായ ജോപോള്‍ അഞ്ചേരി.  ബ്ലാസ്റ്റേഴ്സിന് മികച്ച ഒരു റിസല്‍ട്ട് ഉണ്ടാക്കിയ ശേഷമാണ് അദ്ദേഹത്തിന്റെ മടക്കം. മൊഹമ്മദ് എയ്മന്‍,നിഹാല്‍ സുധീഷ് തുടങ്ങി ഒത്തിരി മലയാളി താരങ്ങള്‍ക്ക് അവസരം നല്‍കിയ കോച്ചാണ് അദ്ദേഹം. കേരള താരങ്ങളെയും വിദേശ താരങ്ങളെയും ഒരുപോലെ കണ്ട് മോട്ടിവേഷന്‍ നല്‍കുന്ന വുക്കുമനോവിച്ചിന്റെ ഇടപെടല്‍ പലപ്പോഴും നോക്കിനിന്നിട്ടുണ്ട്. അത്രയും ടീമംഗങ്ങളെ സ്നേഹിച്ച ഒരു കോച്ചാണ് വുക്കുമനോവിച്ച്. ബ്ലാസ്റ്റേഴ്സിന് അദ്ദേഹത്തിന്റെ വിടവ് വലിയൊരു നഷ്ടം തന്നെയാണെന്നും ജോപോള്‍ അഞ്ചേരി മനോരമന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു.

വുക്കുമനോവിച്ച് ആശാനെക്കുറിച്ചുള്ള അഞ്ചേരിയുടെ വാക്കുകള്‍, 

 ‘ഇത്രയും ആരാധകരുള്ള ഒരു ടീമും കോച്ചും വേറെ ഇല്ലെന്ന് പറയാം. കോച്ചുമാരാരും മൂന്ന് വര്‍ഷക്കാലമൊന്നും ഒരു ക്ലബില്‍ നില്‍ക്കാറില്ല, വന്നു പോവുക എന്നതാണ് പൊതുവെയുള്ള രീതി. എത്ര ഡൗണ്‍ ആയാലും പരാജയം നേരിട്ടാലും അദ്ദേഹം ടീമിനു നല്‍കുന്ന മോട്ടിവേഷന്‍ കുറക്കാറില്ല..ആത്മവിശ്വാസത്തോടെ തന്നെയാണ് സംസാരിക്കാറുള്ളത്. ഒരുപക്ഷേ കുറച്ചുനാള്‍ വിട്ടുനില്‍ക്കുക എന്നതാവും അദ്ദേഹത്തിന്റെ തീരുമാനം. അദ്ദേഹത്തിന്റെ പുതിയ നീക്കങ്ങളൊന്നും അറിയില്ല. മോഹന്‍ ബഗാന്‍ കോച്ച് ജുവാന്‍ ഫെറാന്‍ഡോ പോലും ക്ലബ് വിട്ടു പോയല്ലോ ഈ അടുത്ത കാലത്ത്. അത് ഒരു രീതിയാണെന്നും അഞ്ചേരി പറയുന്നു.

vuko2

കോച്ച് എന്നതിലുപരി വളരെ നല്ലൊരു മനുഷ്യനാണ് ഇവാന്‍ വുകുമനോവിച്ച്. പെര്‍ഫക്ട് ജന്റില്‍മാന്‍. എല്ലാവരോടും പരസ്പര ബഹുമാനത്തോടെയേ സംസാരിക്കുള്ളൂ.  ഒരു തവണ പതിനഞ്ച് മിനിറ്റോളം അദ്ദേഹവുമായി സംസാരിച്ചു. ഫുട്ബോളിനെക്കുറിച്ചു മാത്രമായിരുന്നു സംസാരം. വളരെ സന്തോഷത്തോടെയാണ് ആളുകളോട് സംസാരിക്കുക. ആരെയും ഡൗണ്‍ ആക്കില്ല. എങ്കിലും ഇത്തവണ സെമിയിലെത്താതെ പോയത് നിരാശനാക്കി കാണും. കളിയില്‍ ഇന്നുവരെ ഒരു നിരാശയും കാണിച്ചിട്ടില്ല. അന്ന് ബംഗളൂരു കണ്ഡീരവ സ്റ്റേഡിയത്തിലെ ഗോള്‍ വിവാദവും കോച്ച് കളിക്കാരെ വിളിച്ചതും അദ്ദേഹത്തിന്റെ കരിയറില്‍ ചില പ്രശ്നങ്ങളൊക്കെ സൃഷ്ടിച്ചു കാണാനിടയുണ്ടെന്നും അഞ്ചേരി പറയുന്നു. 

vuko3

ബ്ലാസ്റ്റേഴ്സിന്റെ വലിയ ധൈര്യമായിരുന്നു ആശാനെങ്കിലും ഭാവിയിലേക്ക് നോക്കുമ്പോള്‍ കാര്യങ്ങളെ പ്രഫഷണലായി കാണണം.  ബ്ലാസ്റ്റേഴ്സിന് ഇനി അടുത്ത കോച്ച് വരും. ഒരു ടീമംഗത്തെയോ കോച്ചിനെയോ ഡിപെന്‍ഡ് ചെയ്ത് ഒരു ടീമിനും നില്‍ക്കാന്‍ പറ്റില്ല. കോച്ചിന്റെ കാര്യങ്ങള്‍ എല്ലാം ഭാഗ്യം കൂടിയാണ്.  ഇനി ഇതുപോലൊരു കോച്ചിനെ എവിടെ നിന്നും കിട്ടുമെന്നതാണ് ബ്ലാസ്റ്റേഴസ് നോക്കേണ്ടതെന്നും ജോപോള്‍ അഞ്ചേരി പറയുന്നു. 

vuko-one

 ആദ്യ സീസണിൽ തന്നെ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിച്ചാണ് ഇവാൻ വുക്കുമനോവിച്ച് മഞ്ഞപ്പടയെയും മഞ്ഞ ആര്‍മിയെയും സൃഷ്ടിച്ചെടുത്തത്. ഫൈനലിൽ ഹൈദരാബാദിനോടു തോറ്റെങ്കിലും അപ്പോഴേക്കും ആരാധകരുടെ പ്രിയപ്പെട്ട ആശാനായി ഇവാൻ മാറിയിരുന്നു. പണത്തെക്കാളും കപ്പിനേക്കാളും വലുത് ബ്ലാസ്റ്റേഴ്സും അതിന്റെ ആരാധകരുമാണെന്ന് ഇവാൻ പലവട്ടം അഭിമുഖങ്ങളിൽ പറഞ്ഞു. തുടർച്ചയായി മൂന്നു തവണ ടീമിനെ പ്ലേഓഫിൽ എത്തിച്ച ഇവാന്‍ 2021 -22 സീസണിൽ ക്ലബിന്റെ ചരിത്രത്തിൽ ഒരു സീസണിലെ ഉയർന്ന പോയിന്റ്, ഏറ്റവും കൂടുതൽ ഗോളുകൾ എന്നീ നേട്ടങ്ങളും തന്നാണ് മടങ്ങിയത്. 

Joe Paul Ancheri talking about Kerala blasters and Coach Ivan Vukomanovic

MORE IN SPORTS
SHOW MORE