കുപ്പിവെള്ളവും കൊടികെട്ടാനുള്ള വടിയും പാടില്ല; കാര്യവട്ടത്തെ വന്‍ സുരക്ഷ ഇങ്ങനെ

കാര്യവട്ടം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തില്‍ ഇന്ത്യ– വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 ക്രിക്കറ്റ് മല്‍സരത്തിന് സുരക്ഷയൊരുക്കുന്നത് എണ്ണൂറ്റിയന്‍പത് പൊലീസുകാര്‍. കുപ്പിവെള്ളവും കൊടികെട്ടാനുള്ള വടിയുമൊന്നും സ്റ്റേഡിയത്തില്‍ അനുവദിക്കില്ല.  ദേശീയ പതാക അനുവദിക്കും. മൂന്നുതലത്തിലുള്ള പരിശോധനയ്ക്ക് ശേഷമാകും കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കുക.

ടിക്കറ്റ് വില്‍പ്പന എണ്‍പത്തിയഞ്ചുശതമാനം പിന്നിട്ടതോടെ കാര്യവട്ടം സ്പോര്‍ട്ഹബ് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് ആരാധകരെക്കൊണ്ട് നിറയുമെന്ന് ഉറപ്പായി. ദേശീയപാതയിലേക്ക് തുറക്കുന്ന സ്റ്റേഡിയത്തിന്റെ പ്രധാന കവാടത്തിലൂടെയാണ് പ്രവേശനം. എണ്ണൂറ്റിയന്‍പത് പൊലീസുകാരാണ് സുരക്ഷയൊരുക്കുന്നത്

മൂന്നുതലത്തിലുള്ള സുരക്ഷപരിശോധനക്കുശേഷമാണ് മല്‍സരദിവസം നാലുമണിക്ക് കാണികളെ പ്രവേശിപ്പിക്കുക. സര്‍വകലാശാല ക്യംപസ് , കാര്യവട്ടം സര്‍ക്കാര്‍ കോളജ്, എല്‍.എന്‍.സി.പി.ഇ തുടങ്ങിയ സ്ഥലങ്ങളിലാണ് പാര്‍ക്കിങ്. തമ്പാനൂര്‍, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുണ്ട്. പരമാവധി പൊതുഗതാഗ സംവിധാനം ഉപയോഗിക്കണമെന്നാണ് പൊലീസ് അഭ്യര്‍ഥന. ഇരുചക്രവാഹനത്തില്‍ വരുന്നവര്‍ ഹെല്‍മെറ്റ് വണ്ടിയില്‍ സൂക്ഷിക്കേണ്ടിവരും.

വെള്ളവും ലഘുഭക്ഷണവും സ്റ്റേഡിയത്തില്‍ ലഭ്യമാക്കും.ദേശീയപതാക അനുവദിക്കും.അഹമ്മദാബാദില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ശനിയാഴ്ച വൈകുന്നേരം തിരുവനന്തപുരത്തെത്തുന്ന ഇരുടീമുകളും പരിശീലനത്തിന് ഇറങ്ങില്ല.