ധോണിയുടെ ഭാവിയും കോലിയുടെ ക്യാപ്റ്റന്‍സിയും തുലാസില്‍; ടീം നാളെ: സാധ്യത ഇങ്ങനെ

മഹേന്ദ്രസിങ് ധോണി, രവി ശാസ്ത്രി, വിരാട് കോലി എന്നിവർ.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തലമുറ മാറ്റത്തിനാവും ഇത്തവണത്തെ ടീം തിര‍ഞ്ഞെടുപ്പ് വേദിയാകുക.
ലോകകപ്പ് ക്രിക്കറ്റിലെ മധ്യനിരയുടെ പരാജയവും ടീം സിലക്ഷനിലെ അപാകതയും ബാറ്റിങ് ഓര്‍ഡറിനെച്ചൊല്ലിയുള്ള വിവാദവും കത്തിജ്വലിച്ചുനില്‍ക്കെയാണ് സിലക്ഷന്‍‌ കമ്മിറ്റി യോഗം. 38കാരനായ ധോണിയെ ഇനിയും ടീമില്‍ ഉള്‍പ്പെടുത്തണോ, അതോ ഋഷഭ് പന്തിനെ കൊണ്ടുവരണമോ, ക്യാപ്റ്റന്‍ എന്ന നിലയില്‍ വിരാട് കോലി കാണിക്കുന്ന ‘പക്ഷപാത’വും സിലക്ഷന്‍ കമ്മിറ്റിയില്‍ ചര്‍ച്ചയാവും. യുവതാരങ്ങള്‍ കൂടുതലായി ടീമില്‍ എത്തുമെന്നാണ് കരുതുന്നത്.

ധോണി ഉണ്ടാവുമോ?

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനാണ് ധോണി. എന്നാല്‍ 38കാരനായ ധോണിക്ക് പഴയ മികവ് തുടരാനാവുന്നില്ല. അതിനാല്‍ പുതിയ താരത്തെ വളര്‍ത്തിയെടുക്കേണ്ട സമയമായെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെയും മുന്‍കാല താരങ്ങളുടെയും നിലപാട്. എന്നാല്‍ ധോണി ഒഴിവാക് ആരും ആവശ്യപ്പെട്ടില്ല. ടീം സിലക്ഷന് ഉണ്ടാവുമോ ഇല്ലയോ എന്ന് ധോണിയും അറിയിച്ചിട്ടില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ മൂന്ന് ട്വന്റി 20 മല്‍സരങ്ങളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണുള്ളത്. അടുത്തവര്‍ഷം ട്വന്‍റി 20 ലോകകപ്പ് നടക്കുന്നതിനാല്‍ പുതിയ വിക്കറ്റ് കീപ്പറെ പരുവപ്പെടുത്തേണ്ടതുണ്ട്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഓസ്ട്രേലിയയ്ക്കും വെസ്റ്റ് ഇന്‍ഡീസിനുമെതിരെ നടന്ന ട്വന്റി 20 മല്‍സരങ്ങള്‍ക്കുള്ള ടീമില്‍ ധോണി ഉണ്ടായിരുന്നില്ല.

ക്യാപ്റ്റന്‍ കോലി മാറുമോ?

വിരാട് കോലിയുടെ ഇഷ്ട താരങ്ങളായ യുസ്‌വേന്ദ്ര ചാഹല്‍, കെ.എല്‍.രാഹുല്‍ എന്നിവര്‍ക്ക് അവസരങ്ങള്‍ കൂടുതല്‍ നല്‍കുന്നു. ഇവര്‍ക്കുവേണ്ടി മറ്റുതാരങ്ങളെ മാറ്റിനിര്‍ത്തുന്നു. മധ്യനിരയിലേക്ക് മികച്ച താരത്തെ കണ്ടെത്താനായില്ല, അമ്പട്ടി റായിഡുവിനെ തിരഞ്ഞെടുക്കാന്‍ വിസമ്മതിച്ചു എന്നീ കാര്യങ്ങളാണ് വിരാട് കോലിയുടെ ക്യാപ്റ്റന്‍സി വിമര്‍ശനവിധേയമാക്കിയത്. ഏകദിന–ട്വന്റി 20 മല്‍സരങ്ങളില്‍ രോഹിത് ശര്‍മ ക്യാപ്റ്റന്‍ ആകണമെന്നും വിരാട് കോലി ടെസ്റ്റ് ക്യാപ്റ്റനായി തുടരണമെന്നും ഒരു അഭിപ്രായം ഉയര്‍ന്നുവന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വിശ്രമം ആവശ്യപ്പെട്ടിട്ടില്ലെന്ന് കോലിയുള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ അറിയിച്ചത്.

യുവതാരങ്ങള്‍ ആരൊക്കെ?

വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരായ പരമ്പരയില്‍ കളിക്കുന്ന ഇന്ത്യ എ ടീമിലെ ലെഗ്സ്പിന്നര്‍ 19കാരനായ രാഹുല്‍ ചാഹര്‍, ഡല്‍ഹിക്കാരന്‍ നവദീപ് സെയ്്നി, ഖലീല്‍ അഹമ്മദ് എന്നിവരാണ് ബോളിങ് നിരയിലേക്ക് പരിഗണിക്കപ്പെടുന്നവര്‍. ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ എന്നിവരാണ് മധ്യനിരയിലേക്ക് പരിഗണിക്കപ്പെടുന്നത്. പരുക്കുമൂലം വിശ്രമിക്കുന്ന ശിഖര്‍ ധവാനും പൃഥി ഷായും ടീമിലേക്ക് പരിഗണിക്കപ്പെട്ടേക്കില്ല. അടുത്തമാസം മൂന്നിന് ട്വന്റി 20 പരമ്പര തുടങ്ങും, പിന്നാലെ അടുത്തമാസം എട്ടുമുതല്‍ പതിനാലുവരെ മൂന്ന് ഏകദിനങ്ങള്‍ നടത്തും. അടുത്തമാസം 22നാണ് രണ്ട് ടെസ്റ്റുകളുടെ പരമ്പര തുടങ്ങുന്നത്.