'ബോക്സിലിരുന്ന് എന്തും പറയാം'; വിമര്‍ശനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കോലി

ഐപിഎല്ലിലെ തന്റെ സ്ട്രൈക്ക്റേറ്റ് ചൂണ്ടി ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം വിരാട് കോലി. ബോക്സിലിരുന്ന് സംസാരിക്കുന്നത് പോലെയല്ല ഗ്രൗണ്ടിലിറങ്ങി കളിക്കുന്നതെന്നാണ് കോലിയുടെ വാക്കുകള്‍. ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ 44 പന്തില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്സും സഹിതം 70 റണ്‍സ് സ്കോര്‍ ചെയ്തതിന് പിന്നാലെയാണ് കോലിയുടെ പ്രതികരണം.

എന്റെ സ്ട്രൈക്ക്റേറ്റിനെ കുറിച്ചും സ്പിന്നിനെതിരെ നന്നായി കളിക്കുന്നില്ല എന്നുമെല്ലാം പറയുന്നവര്‍ക്ക് ഇങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കാനാണ് ഇഷ്ടം. പക്ഷെ എനിക്ക് ടീമിനെ ജയിപ്പിക്കുക എന്നത് മാത്രമാണ് വിഷയം. 15 വര്‍ഷമായി അത് ചെയ്യുന്നു. ടീമിനായി ജയങ്ങള്‍ നേടിയെടുക്കുന്നു, കോലി പറഞ്ഞു. 

ബോക്സിലിരുന്ന് മത്സരത്തെ കുറിച്ച് സംസാരിക്കുന്നവര്‍ അതുപോലൊരു സാഹചര്യത്തില്‍ നിന്നിട്ടുണ്ടെന്ന് തോന്നുന്നില്ല. ബോക്സിലിരുന്ന് സംസാരിക്കുന്നതും ഗ്രൗണ്ടിലിറങ്ങി കളിക്കുന്നതും വ്യത്യസ്തമാണ്. എന്നെ സംബന്ധിച്ച് എന്റെ ജോലി ചെയ്യുക എന്നത് മാത്രമാണ് കാര്യം. മത്സരത്തെ കുറിച്ച് ആര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാം. എന്നാല്‍ കളിക്കുന്നവര്‍ക്ക് മാത്രമാണ് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവുക, കോലി പറഞ്ഞു. 

ഐപിഎല്‍ സീസണിലെ റണ്‍വേട്ട കോലി 500 കടത്തി. 17 സീസണുകള്‍ കളിച്ച കോലി ഇത് ഏഴാം വട്ടമാണ് തന്റെ സീസണിലെ റണ്‍വേട്ട 500 കടത്തുന്നത്. കോലി റണ്‍സ് വാരിയെങ്കിലും പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ് ആര്‍സിബി. 10 മത്സരങ്ങളില്‍ ജയിച്ചത് മൂന്ന് കളികളില്‍ മാത്രം. 

Virat Kohli hits back at criticism