‘ഇതില്‍ കൂടുതല്‍ എന്താണ് സഞ്ജു ചെയ്യേണ്ടത്?’ പിന്തുണയുമായി ഷാഫി പറമ്പില്‍

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിക്കാനിരിക്കെ സഞ്ജു സാംസണ് പിന്തുണയേറുകയാണ്. 2024 ഐപിഎൽ സീസണിലെ സഞ്ജുവിന്‍റെ തകർപ്പൻ ബാറ്റിങ് തന്നെയാണ് ഈ പിന്തുണയ്ക്ക് കാരണം. ഇപ്പോളിതാ സോഷ്യല്‍ മീഡിയ വഴി സഞ്ജുവിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഷാഫി പറമ്പിലും.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം കിട്ടുവാൻ ഇതിൽ കൂടുതൽ എന്താണാവോ ഒരു ക്രിക്കറ്റർ ചെയ്യേണ്ടത്? എന്നാണ് സഞ്ജു സാസംണിനെ ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റില്‍ ഷാഫി കുറിച്ചത്. 2024 ഐപിഎല്ലിലെ പ്രകടനങ്ങള്‍ വ്യക്തമാക്കുന്ന ചിത്രവും ഷാഫി പങ്കുവച്ചിട്ടുണ്ട്. നിശബ്ദമായി നിങ്ങളുടെ യോഗ്യതകള്‍ കണ്ടില്ലെന്ന് നടിക്കുന്നത് നിങ്ങളുടെ മൂല്യം എത്രയുണ്ടെന്ന് നിര്‍ണയിക്കുന്നതല്ല മറിച്ച് മറ്റുള്ളവരുടെ പരിമിതികളുടെ വെളിപ്പെടുത്തലാണ് എന്ന് ഷാഫി കമന്‍റ് ബോക്സിലും കുറിച്ചു. നിരവധി പേരാണ് സഞ്ജുവിന് പിന്തുണയുമായി പോസ്റ്റിന് താഴെ കമന്‍റുമായി എത്തുന്നത്.

9 ഇന്നിങ്സില്‍ നിന്ന് 385 റണ്‍സ്. ബാറ്റിങ് ശരാശരി 77. സ്ട്രൈക്ക്റേറ്റ് 161. സീസണില്‍ 9 കളിയില്‍ എട്ടിലും ജയിച്ച് നില്‍ക്കുന്ന ടീമിന്റെ ക്യാപ്റ്റനാണ് സഞ്ജു. ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് എതിരായ വിന്നിങ് ഇന്നിങ്സ് കൂടി കടന്നുപോകുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഇടത്തിനായി ഇതില്‍ കൂടുതലെന്താണ് സഞ്ജു നല്‍കേണ്ടതെന്ന് ചോദിക്കുകയാണ് ആരാധകര്‍.

അതേസമയം ടീം സിലക്ഷനുമായി ബന്ധപ്പെട്ട അന്തിമ ചർച്ചകൾ സിലക്ടർ അജിത് അഗാർക്കറും ക്യാപ്റ്റൻ രോഹിത് ശർമയും നടത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ച്ചുകള്‍. മേയ് ഒന്നിനു മുൻപ് ട്വന്റി20 ലോകകപ്പിനുള്ള ടീമുകളെ പ്രഖ്യാപിക്കണമെന്നാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ നിർദേശം. സഞ്ജുവിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതെ ഇനിയും അനീതി കാണിക്കരുത് എന്ന് മുന്‍ താരം ഹര്‍ഭജന്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞുകഴിഞ്ഞു.

ജൂണ്‍ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നത്. യുഎസിലും വെസ്റ്റിൻഡീസിലുമായാണു ലോകകപ്പ് മത്സരങ്ങൾ നടക്കുക. ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Shafi Parambam supports Sanju Samson through social media.