മുന്‍പ് കണ്ടിട്ടില്ലാത്ത വിധം സഞ്ജുവിന്റെ ആഘോഷം; കാരണം തിരഞ്ഞ് ആരാധകര്‍

19ാം ഓവറിലെ അവസാന പന്ത്. ശാര്‍ദുല്‍ താക്കൂറിന്റെ ലോ ഫുള്‍ ടോസ് ഫൈന്‍ ലെഗ്ഗിലൂടെ സിക്സ് പറത്തി വിജയ റണ്‍സ് പിന്നിട്ട് ക്യാപ്റ്റന്‍. പിന്നാലെ സഞ്ജു സാംസണില്‍ നിന്ന് വന്ന സെലിബ്രേഷനാണ് ചര്‍ച്ചയാവുന്നത്. മുന്‍പെങ്ങുമില്ലാത്ത വിധം വൈകാരികമായി വന്ന സഞ്ജുവിന്റെ സെലിബ്രേഷന്‍ ക്രിക്കറ്റ് ലോകത്തിന്റെ കണ്ണിലുടക്കി കഴിഞ്ഞു. 

പൊതുവെ ശാന്തനായി ക്രീസില്‍ കാണപ്പെടുന്ന സഞ്ജുവിനെ ഈ സെലിബ്രേഷന് പിന്നില്‍ എന്ത് എന്ന് തിരയുകയാണ് ആരാധകര്‍. ഒരു സുപ്രധാന പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടായേക്കുമെന്ന ചിന്ത സഞ്ജുവിനുണ്ടായിരിക്കാം എന്നാണ് കമന്ററി ബോക്സിലിരുന്ന് ഹര്‍ഷാ ഭോഗ്​ലെ പ്രതികരിച്ചത്. ധോനി കഴിഞ്ഞാല്‍ താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും കൂള്‍ ക്യാപ്റ്റന്‍ സഞ്ജു ആണെന്നും ഹര്‍ഷ പറഞ്ഞിരുന്നു. 

ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റന്‍സി സഞ്ജുവിന്റെ കൈകളിലേക്ക് നല്‍കണം എന്ന ആരാധക പ്രതികരണങ്ങളും ശക്തമാണ്. ലഖ്നൗവിന് എതിരായ മല്‍സരത്തില്‍ ജുറല്‍ അര്‍ധ ശതകത്തോടെ ഫോമിലേക്ക് എത്തിയതിന്റെ കയ്യടിയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന് ലഭിക്കുന്നു. ജുറെലില്‍ വിശ്വാസം വെച്ച് വീണ്ടും അവസരങ്ങള്‍ നല്‍കാന്‍ ടീം തയ്യാറായതിനാണ് ആരാധകര്‍ പ്രശംസിക്കുന്നത്. ജുറെലും സഞ്ജുവും ചേര്‍ന്ന് ലഖ്നൗവിന് എതിരെ 121 റണ്‍സിന്റെ കൂട്ടുകെട്ടാണ് കണ്ടെത്തിയത്.  

Sanju Samson's winning celebration went viral