'സഞ്ജു ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനാവണം': പിന്തുണയുമായി മുൻ സ്പിൻ ഇതിഹാസം

ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡിനെ അടുത്തയാഴ്ച പ്രഖ്യാപിക്കാനിരിക്കെ, മലയാളി താരം സഞ്ജു സാംസണ് പിന്തുണയുമായി മുൻ ഇന്ത്യൻ സ്പിന്നർ ഹര്‍ഭജന്‍ സിങ് രം​ഗത്ത്. 'വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്റെ കാര്യത്തില്‍ ഇനി ചര്‍ച്ചയുണ്ടാവാന്‍ പാടില്ല. ടി20 ലോകകപ്പില്‍ സഞ്ജു ഇന്ത്യന്‍ ടീമിലേക്കു വരണം. മാത്രമല്ല, രോഹിത്ത് ശർമ്മയ്ക്ക് ശേഷം ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനായി വളര്‍ത്തിയെടുക്കേണ്ടത് സഞ്ജുവിനെ തന്നെയാണ്. എന്തെങ്കിലും സംശയമുണ്ടോ?' -  ഇങ്ങനെയാണ് ഹര്‍ഭജന്‍ എക്‌സില്‍ കുറിച്ചത്.  

ഇന്ത്യന്‍ ടീമില്‍ സഞ്ജു ഇടം പിടിക്കുമോയെന്ന കാര്യം സംശയത്തില്‍ നില്‍ക്കവെയാണ് ഭാജി പിന്തുണയുമായി രംഗത്തു വന്നിരിക്കുന്നത്. ഈ ഐപിഎല്ലിൽ വിക്കറ്റ് കീപ്പിങ്, ബാറ്റിങ് എന്നിവയ്‌ക്കൊപ്പം ക്യാപ്റ്റന്‍സിയിലും മികവും സ്ഥിരതയും പുലര്‍ത്താന്‍ സഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. സഞ്ജു നയിക്കുന്ന രാജസ്ഥാൻ 8 കളികളിൽ നിന്ന് 14 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിലവിൽ 10 പോയിന്റുകളാണുള്ളത്.  

കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ അഞ്ചു തവണ കിരീടം ഉയർത്തിയ മുംബൈയെ, സഞ്ജുവിന്റെ രാജസ്ഥാൻ  ഒമ്പതു വിക്കറ്റിനാണ് തകർത്ത് തരിപ്പണമാക്കിയത്. ഇതോടെ പ്ലേഒഫ് യോഗ്യതയ്ക്കു തൊട്ടരികിലും രാജസ്ഥാൻ എത്തിയിരുന്നു. ഇനിയുള്ള ആറു കളിയില്‍ രണ്ടെണ്ണം മാത്രം ജയിച്ചാല്‍ മതി റോയല്‍സിന് പ്ലേഓഫിലെത്താൻ. 

റിഷഭ് പന്തായിരിക്കും ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പറെന്ന് അഭ്യൂഹങ്ങളുണ്ട്. ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്ജുവിനെക്കൂടാതെ ദിനേശ് കാര്‍ത്തിക്, കെഎല്‍ രാഹുല്‍ എന്നിവരും മത്സരിക്കുന്നുണ്ട്. 

എട്ടു മത്സരങ്ങളില്‍ നിന്നും 62.80 ശരാശരിയിലും 152.42 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലും 314 റണ്‍സടിച്ച് റൺവേട്ടക്കാരിൽ നാലാമതാണ് സഞ്ജു. സഞ്ജു കഴിഞ്ഞാല്‍ കൂടുതല്‍ റണ്‍സുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ രാഹുലാണ്. ഏഴിന്നിങ്‌സുകളില്‍ നിന്നും 286 റണ്‍സ്. 254 റണ്‍സുമായി പന്ത് മൂന്നാമതു തന്നെയുണ്ട്. 

നേരത്തേ, സഞ്‌ജുവിന് പിന്തുണയുമായി മുന്‍ താരവും കമന്‍റേറ്ററുമായ സഞ്‌ജയ്‌ മഞ്ജരേക്കറും രം​ഗത്തെത്തിയിരുന്നു. പക്വതയും സ്ഥിരതയും പ്രകടിപ്പിക്കുന്ന സഞ്ജു സാംസന്റെ സമീപകാല ഫോമിനെ അദ്ദേഹം പ്രശംസിച്ചിരുന്നു. 

സഞ്ജു പഴയ സഞ്ജുവല്ലെന്നും ബാറ്ററെന്ന നിലയില്‍ താരം പക്വത കൈവരിച്ചിരിക്കുന്നുവെന്നുമാണ് സഞ്‌ജയ്‌ മഞ്ജരേക്കറുടെ നിരീക്ഷണം. ഇപ്പോഴത്തെ ഐപിഎല്ലിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്. കുറേ നാളായി ഇന്ത്യന്‍ ടീമിന്‍റെ അകത്തും പുറത്തുമായി സഞ്‌ജുവുണ്ട്. നമ്മൾ പ്രതീക്ഷിക്കുന്ന പ്രകടനങ്ങളാണ് ഇപ്പോൾ സഞ്ജു കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ഇത്തവണത്തെ ടി20 ടീമിൽ സഞ്ജുവിനെ പോലൊരു പ്ലെയർ അത്യാവശ്യമാണ്"- സഞ്‌ജയ്‌ മഞ്ജരേക്കര്‍ ഒരു ഇന്റർവ്യൂവിൽ പറഞ്ഞു. 

ഒരു പരീക്ഷണത്തിനും തയ്യാറല്ലെന്നും മികച്ച പ്രകടനം മാത്രമാണ് ട്വന്‍റി20 ലോകകപ്പ് ടീമിലേക്കുള്ള പ്രവേശത്തിന് അടിസ്ഥാനമെന്നും സെലക്ഷന്‍ കമ്മിറ്റി വ്യക്തമാക്കിയിരുന്നു.  ഇപ്പോൾ നടക്കുന്ന ഐപിഎല്ലിലെ പ്രകടനവും ട്വന്‍റി20യിലെ മികച്ച പ്രകടനവുമാകും സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കുക. 

Sanju Samson India’s next T20 captain after Rohit Sharma: Harbhajan