തലവേദന 4 കാര്യങ്ങളില്‍; തേര്‍ഡ് ഓപ്പണര്‍, പവര്‍ ഹിറ്റര്‍ റോളില്‍ ഉത്തരം തേടി സെലക്ടര്‍മാര്‍

ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീം പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മെയ് ഒന്നാണ് ലോകകപ്പ് സംഘത്തെ പ്രഖ്യാപിക്കാനുള്ള അവസാന ദിവസം. ബാക്ക്അപ്പ് വിക്കറ്റ് കീപ്പര്‍, തേര്‍ഡ് ഓപ്പണര്‍ ഓപ്ഷന്‍, പവര്‍ ഹിറ്റര്‍ എന്നി റോളുകള്‍ സംബന്ധിച്ച അന്തിമ തീരുമാനങ്ങളിലേക്കാണ് സെലക്ഷന്‍ കമ്മറ്റിക്ക് ഇനി എത്തേണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഋഷഭ് പന്ത്, കെ.എല്‍.രാഹുല്‍, സഞ്ജു സാംസണ്‍ എന്നിവരാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ് ഓപ്ഷനുകള്‍. ഇതില്‍ ഋഷഭ് പന്ത് സ്ക്വാഡിലെ സ്ഥാനം ഉറപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍, സഞ്ജു എന്നിവരുടെ കാര്യത്തിലാണ് സെലക്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം തുടരുന്നത്. സഞ്ജു ഐപിഎല്ലില്‍ മികച്ച ഫോമില്‍ കളിക്കുന്നത് പരിഗണിക്കേണ്ടി വരുമ്പോള്‍ രാഹുലിന്റെ കാര്യത്തില്‍ പരിഗണിക്കപ്പെടുന്നത് പരിചയസമ്പത്താണ്. 

രോഹിത്തും കോലിയും ഇന്ത്യക്കായി ട്വന്റി20 ലോകകപ്പില്‍ ഓപ്പണ്‍ ചെയ്തേക്കും എന്ന വിലയിരുത്തലുകളാണ് ശക്തം. തേര്‍ഡ് ഓപ്പണറായി യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ പേരുകളാണ് ഉയരുന്നത്. എന്നാല്‍ കെ.എല്‍.രാഹുലിനെ ഓപ്പണിങ്ങില്‍ ഇറക്കാം എന്ന സാധ്യതയും സെലക്ടര്‍മാരുടെ പരിഗണനയിലുണ്ട്. 

ഐപിഎല്‍ സീസണില്‍ ഹര്‍ദിക്കിന്റേയും രവീന്ദ്ര ജഡേജയുടേയും പവര്‍ ഹിറ്റുകള്‍ ആരാധകര്‍ക്ക് ഇതുവരെ വിരുന്നൊരുക്കിയിട്ടില്ല. ഇരുവരും നിറം മങ്ങി നില്‍ക്കുമ്പോള്‍ ട്വന്റി20 ലോകകപ്പ് ടീമിലേക്ക് സെലക്ടര്‍മാര്‍ക്ക് മറ്റൊരു പവര്‍ ഹിറ്ററെ പരിഗണിക്കേണ്ടി വരുന്നു. ശിവം ദുബെ, റിങ്കു സിങ് എന്നിവരുടെ പേരുകളാണ് ഉയരുന്നത്. 

പേസ് ബോളിങ് നിരയില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത് ബുമ്ര മാത്രമാണ്. ഐപിഎല്ലില്‍ മോശം ഫോമിലാണെങ്കിലും മുഹമ്മദ് സിറാജിന് ലോകകപ്പ് ടീമില്‍ ഇടംനേടാനായേക്കും. ആവേശ് ഖാന്‍, മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിങ് എന്നീ പേരുകളാണ് ബോളിങ് നിരയിലെക്ക് ഉയരുന്നത്. 

The selectors looked for answers in the third opener and power hitter role