ശനിയാഴ്ച മരണക്കളി; ധോണിയുടെ അവസാന മത്സരം?; ടിക്കറ്റിനായി പണം വാരിയെറിഞ്ഞ് ആരാധകര്‍

rcb-chennai
SHARE

ശനിയാഴ്ച ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഇറങ്ങുമ്പോള്‍ പ്ലേഓഫിലേക്ക് ഇവരിലാരെത്തും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. പ്ലേഓഫ് ഉറപ്പിക്കാന്‍ ഈ മത്സര ഫലം നിര്‍ണായകമാവും എന്നിരിക്കെ ആര്‍സിബി–ചെന്നൈ പോരിന്റെ ടിക്കറ്റും ചൂടപ്പം പോലെയാണ് വിറ്റുപോയത്. ധോണിയുടെ ഐപിഎല്ലിലെ അവസാന മത്സരമായിരിക്കുമോ എന്ന ചോദ്യം നിറയുന്നതോടെ ബെംഗളൂരുവിന്റെ കോട്ട ചെന്നൈ ആരാധകരെ കൊണ്ട് നിറയും.

ആര്‍സിബി–ബെംഗളൂരു പോരില്‍ തോല്‍ക്കുന്ന ടീം പ്ലേഓഫ് കാണാതെ പുറത്താവും. ചെന്നൈ തോല്‍ക്കുകയാണെങ്കില്‍ ഒരുപക്ഷെ അത് ധോണിയുടെ അവസാന മത്സരമായേക്കും. അതുകൊണ്ട് തന്നെ അത് നഷ്ടപ്പെടുത്താന്‍ ആരാധകര്‍ തയ്യാറല്ല. മുന്‍പ് കണ്ടിട്ടില്ലാത്ത വിധം ചെന്നൈയുടെ ട്രാവലിങ് ഫാന്‍സ് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് എത്തും എന്നുറപ്പ്. 

മത്സരത്തിന്റെ ടിക്കറ്റെല്ലാം വിറ്റുതീര്‍ന്നതായി ആര്‍സിബി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ചെന്നൈ–ആര്‍സിബി ടിക്കറ്റ് എന്ന നിലയില്‍ ഹാഷ്ടാഗ് എക്സില്‍ നിറയുന്നുണ്ട്. ഉയര്‍ന്ന തുകയ്ക്ക് ടിക്കറ്റ് സ്വന്തമാക്കാനും ആരാധകര്‍ തയ്യാറാണ്. കഴിഞ്ഞ വര്‍ഷവും ആര്‍സിബി–ചെന്നൈ പോരിന്റെ 2500 രൂപയുടെ ടിക്കറ്റ് 10000 രൂപയ്ക്ക് വരെയാണ് ആരാധകര്‍ സ്വന്തമാക്കിയത്. ധോണിയുടെ അവസാന മത്സരമായിരിക്കുമോ എന്ന ചോദ്യം നിലനില്‍ക്കുന്നതിനാല്‍ മത്സരം നഷ്ടപ്പെടുത്താതിരിക്കാന്‍ ആരാധകര്‍ ടിക്കറ്റിനായി പണം വാരിയെറിയുമെന്ന് ഉറപ്പ്.

നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്സ. 14 പോയിന്റാണ് ചെന്നൈക്കുള്ളത്. ആറാമതാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. 12 പോയിന്റാണ് ബെംഗളൂരുവിനുള്ളത്. അഞ്ച് മത്സരങ്ങള്‍ തുടരെ ജയിച്ചാണ് ബെംഗളൂരുവിന്റെ നില്‍പ്പ്. നെറ്റ് റണ്‍റേറ്റ് പോസിറ്റീവായി നില്‍ക്കുന്നത് ആര്‍സിബിക്ക് ആശ്വാസമാണ്. 

RCB-Chennai match might be dhoni's last match in ipl 

MORE IN SPORTS
SHOW MORE