തകര്‍ത്താടിയത് യശസ്വി; പ്ലേയര്‍ ഓഫ് ദ് മാച്ച് സന്ദീപ് ശര്‍മ; കാരണം ഇതാണ്

സെഞ്ചറിയുമായി യശസ്വി ജയ്സ്വാള്‍ തകര്‍ത്താടിയപ്പോഴും മുംബൈയ്ക്കെതിരായ വിജയത്തിന്റെ കാരണമായി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഉയര്‍ത്തിക്കാട്ടിയത് ബോളര്‍മാരെയാണ്. പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും മികവുപുലര്‍ത്തിയ പേസര്‍മാരാണ് കളി രാജസ്ഥാന് അനുകൂലമാക്കിയത്. അതില്‍ ഏറ്റവും തിളക്കത്തോടെ ഉയര്‍ന്നുനിന്നത് സന്ദീപ് ശര്‍മയായിരുന്നു. 4 ഓവറില്‍ വെറും 18 റണ്‍സിന് 5 വിക്കറ്റ്. അതും 4.50 റണ്‍ ശരാശരിയില്‍. ഐപിഎല്‍ 2024ല്‍ ഇതുവരെയുള്ള ഏറ്റവും മികച്ച ബോളിങ് പ്രകടനം! സന്ദീപിന്റെ ട്വന്റി ട്വന്റി കരിയറിലെ മികച്ച പ്രകടനവും മറ്റൊന്നല്ല.

2023ലെ ഐപിഎല്‍ താരലേലം കഴിഞ്ഞപ്പോള്‍ നിരാശ കൊണ്ട് തലകുമ്പിട്ടിരുന്ന ഒരു കളിക്കാരനുണ്ടായിരുന്നു. പേര് സന്ദീപ് ശര്‍മ. 10 വര്‍ഷം ഐപിഎല്‍ കളിച്ച താരം. എന്നാല്‍ തൊട്ടുമുന്‍പുള്ള രണ്ടുസീസണുകളിലെ വിക്കറ്റ് വരള്‍ച്ചയുടെ പേരില്‍ അയാളെ ആരും ലേലത്തിലെടുത്തില്ല. പക്ഷേ ഭാഗ്യം രാജസ്ഥാന്‍ റോയല്‍സിന്റെ രൂപത്തില്‍ സന്ദീപിനെ തേടിയെത്തി. പകരക്കാരനായാണ് സന്ദീപിനെ സഞ്ജു സാംസണും സങ്കക്കാരയും ടീമിലെത്തിച്ചത്. എന്നാല്‍ റോയല്‍സിന്റെ ഭാഗ്യമായി സന്ദീപ് മാറുന്ന കാഴ്ചയാണ് സീസണില്‍ കണ്ടത്. കരിയറിലെ മികച്ച പ്രകടനത്തോടെ തന്നെ അയാള്‍ റോയല്‍സിന് നന്ദി പറഞ്ഞു.

തീപാറുന്ന പേസില്ല. അസാധാരണമായ ബോളിങ് ആക്ഷനില്ല. ബാറ്റര്‍മാരെ വിറപ്പിക്കുന്ന ശരീരഭാഷയുമില്ല. പക്ഷേ ഐപിഎല്‍ ചരിത്രത്തിലെ മികച്ച ബോളര്‍മാരുടെ ഗണത്തില്‍ സന്ദീപിന്റെ പേരുണ്ടാകും. ജയന്റ് കില്ലര്‍ എന്ന വിളിപ്പേര് നേരത്തേ തന്നെ വീണുകഴിഞ്ഞതാണ്. സാക്ഷാല്‍ വിരാട് കോലി സന്ദീപിനുമുന്നില്‍ കീഴടങ്ങിയത് ഏഴുതവണയാണ്. അതും 15 കളികളില്‍. അഞ്ചുതവണ രോഹിത് ശര്‍മയേയും നാലുതവണ സൂര്യകുമാര്‍യാദവിനെയും പുറത്താക്കിയ ചരിത്രം അധികം ബോളര്‍മാര്‍ക്കില്ല. സന്ദീപിന്റെ ഓവറുകളില്‍ രോഹിത്തിന്റെ ബാറ്റിങ് ശരാശരി 7.60 മാത്രം. സൂര്യയുടേത് 8.25 റണ്‍സും. സന്ദീപിനെതിരെ സാക്ഷാല്‍ ക്രിസ് ഗെയ്‍ലിന്റെ സ്ട്രൈക്ക് റേറ്റ് 103.22 മാത്രം.

Archives : Sandeep Sharma in Punjab jersey

2014 മുതല്‍ 2020 വരെ പഞ്ചാബ് കിങ്സിന്റെയും തുടര്‍ന്നുള്ള മൂന്ന് സീസണുകളില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെയും പവര്‍പ്ലേ സ്പെഷലിസ്റ്റ് ആയിരുന്നു സന്ദീപ്. 49 വിക്കറ്റുകളാണ് പവര്‍പ്ലേ ഓവറുകളില്‍ സന്ദീപ് സ്വന്തമാക്കിയത്. ഐപിഎല്‍ റെക്കോര്‍ഡാണിത്. എന്നാല്‍ പഞ്ചാബില്‍ നിന്ന് മാറിയതോടെ ആ ‘ടച്ച്’ നഷ്ടമായി. 2021, 2022 സീസണുകളില്‍ കളിച്ച 12 മല്‍സരങ്ങളില്‍ നിന്ന് 5 വിക്കറ്റ് മാത്രമേ താരത്തിന് നേടാനായുള്ളു. അതോടെയാണ് 2023 താരലേലത്തില്‍ പിന്തള്ളപ്പെട്ടത്. പവര്‍പ്ലേ ബോളറില്‍ നിന്ന് റോയല്‍സിന്റെ വിശ്വസ്തനായ ഡെത്ത് ബോളറായി തിരിച്ചുവരവ്!

തിരിച്ചടികളുടെ കാലത്ത് ബോളിങ്ങില്‍ വലിയ ശൈലി മാറ്റത്തിന് മുതിരാതെ കൂടുതല്‍ വൈവിധ്യവും സാങ്കേതികത്തികവും ഉറപ്പാക്കാന്‍ ശ്രമിച്ചതാണ് സന്ദീപിന് ഗുണമായത്. നക്കിള്‍ ബോളുകള്‍ കൃത്യമായി ലാന്‍ഡ് ചെയ്യാനും കട്ടറുകള്‍ മെച്ചപ്പെടുത്താനും കഴിഞ്ഞു. ഓപ്പണിങ് ബോളറില്‍ നിന്ന് ഡെത്ത് ബോളറിലേക്കുള്ള സന്ദീപിന്റെ പരിവര്‍ത്തനം പഴയ പരിശീലകരെപ്പോലും അതിശയിപ്പിക്കുന്നു. പക്ഷേ ന്യൂബോള്‍ ബോളിങ് തന്നെയാണ് തനിക്ക് കൂടുതല്‍ പ്രിയപ്പെട്ടതെന്ന് മുംബൈയ്ക്കെതിരായ മല്‍സരത്തില്‍ സന്ദീപ് തെളിയിച്ചു. പേശിവേദന കാരണം അഞ്ചുമല്‍സരങ്ങളില്‍ നിന്ന് മാറിനിന്നശേഷം തിരിച്ചെത്തിയപ്പോഴായിരുന്നു ചരിത്രം കുറിച്ച പ്രകടനമെന്നും ഓര്‍ക്കണം. ആദ്യ ഇര ഇഷാന്‍ കിഷന്‍. 121 കിലോമീറ്റര്‍ മാത്രം വേഗത്തിലുള്ള ഔട്ട്സ്വിംഗറില്‍ ബാറ്റ് വച്ച ഇഷാന് പിഴച്ചു. കീപ്പര്‍ക്ക് ക്യാച്ച്! പിന്നെ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ജെറാള്‍ഡ് കുറ്റ്സീ, ടിം ഡേവിഡ് എന്നിവരും സന്ദീപിന്റെ വേരിയേഷനുകള്‍ക്കുമുന്നില്‍ മുട്ടുമടക്കി.

സ്വന്തം പരിമിതികള്‍ നന്നായി തിരിച്ചറിയുന്നു എന്നതാണ് സന്ദീപ് ശര്‍മയുടെ ശക്തി. വേഗത്തിന്റെ കാര്യത്തില്‍ പിന്നിലായതുകൊണ്ട് ലെങ്തും ലൈനും ഏറ്റവും കൃത്യമാക്കി നിര്‍ത്താനും അതിനനുസരിച്ച് ഫീല്‍ഡ് സെറ്റ് ചെയ്യാനും ശ്രമിക്കും. സ്ലോ ബൗണ്‍സറുകളും നക്കിള്‍ ബോളുകളും സീമിന്റെ ബുദ്ധിപരമായ ഉപയോഗവുമെല്ലാം ബാറ്റര്‍മാരെ കുഴക്കാന്‍ സന്ദീപിനെ സഹായിക്കുന്നു. മുംബൈയ്ക്കെതിരെ എറിഞ്ഞ 24 പന്തുകളില്‍ 17 എണ്ണവും കട്ടറുകളായിരുന്നു. ബൗണ്‍സ് കുറഞ്ഞ സ്ലോ പിച്ചുകളില്‍ ഇത് അങ്ങേയറ്റം ഫലപ്രദമാകുകയും ചെയ്യും. മുംബൈയ്ക്കെതിരായ മല്‍സരത്തില്‍ ജസ്പ്രീത് ബുംറ പോലും ശരാശരി 9.25 റണ്‍സ് വഴങ്ങിയപ്പോള്‍ സന്ദീപിന്റെ ശരാശരി 4.5 മാത്രമായിരുന്നു. ട്വന്റി ട്വന്റി ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ ഈ റെക്കോര്‍ഡുകളും യൂട്ടിലിറ്റിയും പരിഗണിക്കപ്പെടാതിരിക്കില്ലെന്നാണ് റോയല്‍സിന്റെയും പ്രതീക്ഷ.

Sandeep Sharma knocks out Mumbai Indians with the season's best bowling performance