സഞ്ജുവിനെ മനപൂര്‍വം പുറത്താക്കിയതോ? പൊട്ടിത്തെറിച്ച് ആരാധകര്‍

ഡല്‍ഹിക്കെതിരായ മത്സരത്തില്‍ രാജസ്ഥാന്‍റെ തോല്‍വിക്ക് പിന്നാലെ വിവാദങ്ങള്‍ പുകയുന്നു. രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ രണ്ടാം പരാജയമാണ് ഇന്നലെ ഏറ്റുവാങ്ങേണ്ടി വന്നത്. 46 പന്തില്‍ നിന്ന് 6 സിക്സറുകളും 8 ഫോറും ഉള്‍പ്പെടെ 86 റണ്‍സെടുത്തു നില്‍ക്കവെയാണ് 16ാം ഓവറില്‍ പുറത്തായത്.  പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സ്  പിടിമുറുക്കി. ബൗണ്ടറി ലൈനിനരികെ ക്യാച്ചെടുത്താണ് സഞ്ജു പുറത്തായത്. വിഡിയോ പുനപരിശോധനയില്‍ ഫീല്‍ഡറുടെ കാല് ബൗണ്ടറി ലൈനില്‍ തട്ടിയതായി കണ്ടെങ്കിലും അംപയര്‍ ഔട്ട് അനുവദിച്ചത് വിവാദമായി. 

എന്നാല്‍ വൈഡ് ബോള്‍ തീരുമാനിക്കാന്‍ ഒരുപാട് സമയമെടുക്കുന്ന അമ്പയര്‍ നിര്‍ണായകമായ ഒരു വിക്കറ്റ് ഒരു മിനിറ്റിനുള്ളില്‍ പരിശോധിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. ക്യാമറ ആംഗിള്‍ മാറ്റി പരീക്ഷിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ സഞ്ജു ഔട്ടാകുമായിരുന്നില്ലെന്നും ആരാധകര്‍  വിലയിരുത്തുന്നു. മികച്ച ഫോമില്‍ ബാറ്റ് ചെയ്തുകൊണ്ടിരുന്ന നായകന്‍ പുറത്തായതിനു പിന്നാലെ ടീം തകരുകയായിരുന്നു. 

ഡല്‍ഹി ക്യാപിറ്റല്‍സ് ഇരുപത് റണ്‍സിനാണ് രാജസ്ഥാനെ തോല്‍പിച്ചത്. 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് എട്ടുവിക്കറ്റ് നഷ്ടത്തില്‍  201 റണ്‍സ് മാത്രമാണ് നേടാനായത്. ജയത്തോടെ ഡല്‍ഹി പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. 16 പോയിന്റുമായി രാജസ്ഥാന്‍ രണ്ടാം സ്ഥാനത്തും 12 പോയിന്റുമായി ഡല്‍ഹി അഞ്ചാം സ്ഥാനത്തുമാണ് .

Sanju Samson Controversial Wicket