'അക്ഷറിനെ കണ്ടപ്പോള്‍ ബാറ്റിങ് മറന്നു'; തിലകിനെ പരസ്യമായി കുറ്റപ്പെടുത്തി ഹര്‍ദിക് പാണ്ഡ്യ

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ തോല്‍വിക്ക് പിന്നാലെ തിലക് വര്‍മയിലേക്ക് പഴി ചാരുന്ന മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. സ്പിന്‍ ബോളിങ്ങിനെതിരെ തിലക് പിന്നോട്ട് വലിഞ്ഞ് കളിച്ചതാണ് തോല്‍വിയുടെ പ്രധാന കാരണമായി ഹര്‍ദിക് പറയുന്നത്. 

മുംബൈ ഇന്ത്യന്‍സ് ഇന്നിങ്സിന്റെ എട്ടാം ഓവറിലാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഇടംകയ്യന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ പന്തെറിയാനെത്തിയത്. മുംബൈ ഈ സമയം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സ് എന്ന നിലയില്‍. അക്ഷറിന്റെ രണ്ട് ഓവറിലെ 12 പന്തുകളില്‍ ആറെണ്ണം നേരിട്ടത് തിലക്. ആദ്യ നാല് ഡെലിവറിയും നേരിട്ട തിലക് താന്‍ അക്ഷറിനെതിരെ ആക്രമിച്ച് കളിക്കാന്‍ ലക്ഷ്യമിടുന്നില്ലെന്ന് വ്യക്തമാക്കി. പിന്നെ വന്ന രണ്ട് ഡെലിവറിയില്‍ സിക്സും ഫോറും. എന്നാല്‍ 10 റണ്‍സ് തോല്‍വിയിലേക്ക് മുംബൈ വീഴുമ്പോള്‍ അക്ഷറിന് എതിരെ തിലകില്‍ നിന്ന് വന്ന പിന്നോട്ട് പോക്ക് ടീമിനെ ചെയ്സിങ്ങില്‍ ബാധിച്ചതായാണ് ക്യാപ്റ്റന്‍ പറയുന്നത്.

ഇടംകയ്യന്‍ ബാറ്റര്‍ക്കെതിരെ അക്ഷര്‍ ബോള്‍ ചെയ്യുമ്പോള്‍ ബാറ്റര്‍ക്ക് ആക്രമിച്ച് കളിക്കാനുള്ള അവസരമുണ്ട് അവിടെ. അവിടെ ബാറ്റര്‍ക്ക് കളിയെ കുറിച്ച് വേണ്ടത്ര അവബോധം ഇല്ലാതെ പോയത് ഞങ്ങള്‍ക്ക് തിരിച്ചടിയായി. അത് കളി ഞങ്ങളുടെ കയ്യില്‍ നിന്ന് നഷ്ടപ്പെടുത്തി, ഡല്‍ഹിക്കെതിരായ തോല്‍വിക്ക് ശേഷം തിലകിനെ വിമര്‍ശിച്ച് ഹര്‍ദിക് പറഞ്ഞു.

ഇടംകയ്യന്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിന് എതിരേയും ആക്രമണത്തിന് മുതിരാന്‍ തിലക് മടിച്ചു. മൂന്ന് ഓവറില്‍ 47 റണ്‍സ് ആണ് കുല്‍ദീപ് വഴങ്ങിയത്. എന്നാല്‍ കുല്‍ദീപിന്റെ ആദ്യ രണ്ട് ഓവറില്‍ നാല് പന്തുകളാണ് തിലക് നേരിട്ടത്. വന്നത് നാല് സിംഗിളുകളും. കുല്‍ദീപിന്റെ മൂന്നാമത്തെ ഓവറില്‍ തിലക് രണ്ട് സിക്സും രണ്ട് ഫോറും നേടി. എന്നാല്‍ മധ്യഓവറുകളില്‍ അവസരങ്ങള്‍ വേണ്ടത്ര മുതലാക്കാന്‍ തയ്യാറായില്ലെന്ന് ഹര്‍ദിക് കുറ്റപ്പെടുത്തുന്നു. 32 പന്തില്‍ നിന്ന് നാല് ഫോറും നാല് സിക്സും സഹിതം 63 റണ്‍സ് ആണ് തിലക് നേടിയത്. മത്സരത്തില്‍ ടീമിന്റെ ടോപ് സ്കോററായിരുന്ന താരത്തെ ക്യാപ്റ്റന്‍ പരസ്യമായി കുറ്റപ്പെടുത്തുന്നത് ചോദ്യം ചെയ്ത് ആരാധകരുടെ പ്രതികരണങ്ങളും എത്തുന്നു.

Hardik Pandya about team's loss against Delhi Capitals