പരിശീലനത്തിനിടെ ക്യാമറ നശിപ്പിച്ച് ‘പോരാളികള്‍’; 40,000 രൂപയുടെ നഷ്ടം; വിഡിയോ

ഐപിഎല്‍ പരിശീലനത്തിനിടെ നാല്‍പ്പതിനായിരം രൂപ വിലമതിക്കുന്ന ക്യാമറ ‘നശിപ്പിച്ച്’ മുംബൈ ഇന്ത്യന്‍സ് ബാറ്റ്മാന്‍മാര്‍. തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ടീം തന്നെയാണ് ക്യാമറകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്ന വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.

‘ഈ റീല്‍ ഞങ്ങള്‍ക്ക് നാല്‍പ്പതിനായിരം രൂപയുടെ നഷ്ടമുണ്ടാക്കിത്തന്നു’ എന്ന് കുറിച്ചാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. പരിശീലനത്തിനിടെ ടിം ഡേവിഡ്, സൂര്യകുമാർ യാദവ് തുടങ്ങിയവര്‍ അടിച്ചു പറത്തുന്ന പന്ത് പിച്ച് സൈഡ് ക്യാമറകളിൽ പതിക്കുന്നതാണ് പങ്കുവച്ച ദൃശ്യങ്ങളിലുള്ളത്. ബാറ്റിങ് പൊസിഷന്‍റെ ഷോട്ടുകള്‍ എടുക്കാന്‍വേണ്ടിയായിരുന്നു ക്യാമറകള്‍ സ്ഥാപിച്ചത്.

അതേസമയം ശനിയാഴ്ച നടക്കുന്ന മല്‍സരത്തില്‍ ഡൽഹി ക്യാപിറ്റൽസിനെ നേരിടാൻ ഒരുങ്ങുകയാണ് ടീം. ഇരുടീമുകള്‍ക്കും വിജയം അനിവാര്യമാണ്. മോശം പ്രകടനം കാഴ്ചവച്ചാണ് ഇത്തവണ സീസണില്‍ ടീം കളി ആരംഭിച്ചതെങ്കിലും അവസാന നാല് മത്സരങ്ങളിൽ മൂന്ന് വിജയങ്ങൾ ടീം നേടി. എന്നാല്‍ രാജസ്ഥാൻ റോയൽസിനെതിരായ ഒമ്പത് വിക്കറ്റിൻ്റെ  തോല്‍വി ഈ തിരിച്ചുവരവില്‍ വിലങ്ങുതടിയായി, നിലവിൽ പോയിൻ്റ് ടേബിളിൽ എട്ടാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്.

Mumbai Indians batters break cameras worth Rs 40k during practice