പവര്‍പ്ലേ സ്ട്രൈക്ക്റേറ്റ് 233; കോലിയുടെ 'തട്ടിമുട്ട്' കാരണം അഭിഷേകിന്റെ വാതിലും അടയുന്നു?

ട്വന്റി20 ലോകകപ്പ് ടീമില്‍ വിരാട് കോലിയുടെ ബാറ്റിങ് പൊസിഷന്‍ ചൂണ്ടിയുള്ള ചര്‍ച്ച ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് ചൂടുപിടിക്കുകയാണ്. ആര്‍സിബിക്ക് വേണ്ടി ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത് റണ്‍സ് വാരുന്ന കോലിയെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ ഓപ്പണറായി ഇറക്കിയേക്കും എന്ന വിലയിരുത്തല്‍ ശക്തമാണ്. എന്നാല്‍ പവര്‍പ്ലേയില്‍ 233.72 എന്ന സ്ട്രൈക്ക്റേറ്റില്‍ ബാറ്റ് വീശുന്ന താരം ഉള്‍പ്പെടെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ കോലിക്ക് ഓപ്പണര്‍ റോള്‍ കൊടുക്കുന്നതും ചോദ്യം ചെയ്യപ്പെടുന്നു. 

ട്വന്റി20 ലോകകപ്പില്‍ ഒാപ്പണര്‍, അതല്ലെങ്കില്‍ തന്റെ പ്രിയപ്പെട്ട മൂന്നാം സ്ഥാനത്ത് കോലി ബാറ്റിങ്ങിന് ഇറങ്ങാനാണ് സാധ്യതകള്‍. എന്നാല്‍ ഈ രണ്ട് ബാറ്റിങ് പൊസിഷനുകളിലും മറ്റ് താരങ്ങളില്‍ നിന്ന് കടുത്ത വെല്ലുവിളി കോലി നേരിടുന്നു. 175.45 ആണ് രോഹിത് ശര്‍മയുടെ സ്ട്രൈക്ക്റേറ്റ്. 133 ആണ് ശുഭ്മാന്‍ ഗില്ലിന്റെ സ്ട്രൈക്ക്റേറ്റ്. 169.23 എന്ന സ്ട്രൈക്ക്റേറ്റിലാണ് ഇഷാന്‍ കിഷന്‍ കളിക്കുന്നത്. 152 ആണ് യശസ്വിയുടെ സ്ട്രൈക്ക്റേറ്റ്. ഇതില്‍ ഗില്ലിന്റെ സ്ട്രൈക്ക്റേറ്റ് മാത്രമാണ് കോലിയേക്കാള്‍ ഏറെ പിന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ സീസണില്‍ പവര്‍പ്ലേയില്‍ 233.72 എന്ന സ്ട്രൈക്ക്റേറ്റില്‍ കളിക്കുന്ന അഭിഷേക് ശര്‍മയും ഓപ്പണറുടെ റോളില്‍ ഇന്ത്യന്‍ ടീമിലേക്കെത്താനുള്ള വാതിലില്‍ മുട്ടുന്നു. സീസണില്‍ 8 കളിയില്‍ നിന്ന് 288 റണ്‍സ് ആണ് അഭിഷേക് സ്കോര്‍ ചെയ്തിരിക്കുന്നത്. ബാറ്റിങ് ശരാശരി 36 ആണെങ്കിലും സ്ട്രൈക്ക്റേറ്റ് 218ല്‍ നില്‍ക്കുന്നു. 26 സിക്സും 21 ഫോറും താരത്തിന്റെ ബാറ്റില്‍ നിന്ന് വന്നുകഴിഞ്ഞു. 

മൂന്നാം സ്ഥാനത്തേക്ക് വരുമ്പോള്‍ സഞ്ജുവും സൂര്യകുമാര്‍ യാദവുമാണ് കോലിക്ക് മുന്‍പിലുള്ളത്. കോലിയേക്കാള്‍ വേഗത്തില്‍ ഇവര്‍ക്ക് സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കാനാവും. ബാറ്റിങ് ശരാശരി നോക്കുമ്പോള്‍ ഈ താരങ്ങളേക്കാളെല്ലാം മുന്‍പിലാണ് കോലി. എന്നാല്‍ സ്ട്രൈക്ക്റേറ്റിനാണ് ഇവിടെ പ്രാധാന്യം എന്ന മുറവിളികള്‍ ശക്തമാണ്. 

പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും കോലിയുടെ സ്ട്രൈക്ക്റേറ്റില്‍ ടീമിന് വിശ്വാസം വെക്കാമെങ്കിലും മധ്യഓവറുകളില്‍ സ്കോറിങ്ങിന്റെ വേഗം കുറയ്ക്കുന്നതാണ് ആശങ്കപ്പെടുത്തുന്നത്. മധ്യഓവറുകളില്‍ സ്പിന്നര്‍മാര്‍ക്കെതിരെ കോലി പ്രയാസപ്പെടുന്നതും സീസണില്‍ വ്യക്തമായിരുന്നു.  ഈ ഓവറുകളില്‍ സ്പിന്നര്‍മാര്‍ക്കെതിരെ 76 എന്നതാണ് കോലിയുടെ ആവറേജ്. എന്നാല്‍ ബാറ്റിങ് ശരാശരി മികച്ച് നില്‍ക്കുമ്പോഴും 123 എന്നതാണ് സ്ട്രൈക്ക്റേറ്റ്. സ്പിന്നര്‍മാര്‍ക്കെതിരെ മധ്യഓവറുകളില്‍ 76 പന്തുകള്‍ നേരിട്ടപ്പോള്‍ അതില്‍ നിന്ന് നേടിയത് 13 ബൗണ്ടറി മാത്രം. ട്വന്റി20 ലോകകപ്പ് നടക്കുന്ന വിന്‍ഡിസിലെ സ്ലോ പിച്ചുകളില്‍ പവര്‍പ്ലേയിലും കോലി സ്പിന്നര്‍മാര്‍ക്കെതിരെ പ്രയാസപ്പെട്ടാല്‍ ടീമിനെ അത് പ്രതികൂലമായി ബാധിക്കും. 

Abhishek's door also closes because of Kohli?