'ഒന്‍പതാമനായി ക്രീസില്‍; അംഗീകരിക്കാനാവില്ല'; ധോണിക്ക് നേരെ വിമര്‍ശനം

പഞ്ചാബ് കിങ്സിന് എതിരെ ഒന്‍പതാമത് ബാറ്റിങ്ങിന് ഇറങ്ങിയ ധോണിക്കെതിരെ വിമര്‍ശനം. മികച്ച ടോട്ടലിലേക്ക് എത്താന്‍ ധോണിയുടെ സാന്നിധ്യം ടീമിന് ആവശ്യമായ സമയത്ത് ശാര്‍ദുല്‍ താക്കൂറിനും പിന്നിലായി ധോണി ഇറങ്ങിയ തീരുമാനത്തെ ചോദ്യം ചെയ്താണ് പ്രതികരണങ്ങള്‍ ഉയരുന്നത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ധോണിയെ ഹര്‍ഷല്‍ പട്ടേല്‍ മടക്കുകയും ചെയ്തു. 

ധോണി ഒളിച്ചിരിക്കുകയാണെന്നാണ് വിമര്‍ശനങ്ങള്‍. രണ്ടോവര്‍ മാത്രം ബാറ്റ് ചെയ്യുക എന്ന പതിവ് മാറ്റണം എന്ന മുറവിളി ശക്തമായി കഴിഞ്ഞു. 13ാം ഓവറില്‍ 17 റണ്‍സ് മാത്രം എടുത്ത് മൊയിന്‍ അലി മടങ്ങിയതോടെ ധോണി ക്രീസിലേക്ക് എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ സാന്ത്നറിനും ശാര്‍ദുലിനും ശേഷം 19ാം ഓവറിലാണ് ധോണി ക്രീസിലേക്ക് എത്തിയത്. 

നേരിട്ട ആദ്യ പന്തില്‍ തന്നെ ഹര്‍ഷല്‍ പട്ടേല്‍ യോര്‍ക്കറുമായി ധോണിയെ ബൗള്‍ഡാക്കി. സീസണില്‍ ആദ്യമായാണ് ഒരു ബോളര്‍ ധോണിയുടെ വിക്കറ്റ് വീഴ്ത്തുന്നത്. കഴിഞ്ഞ കളിയില്‍ പഞ്ചാബിന് എതിരെ ധോണി റണ്‍ഔട്ട് ആയിരുന്നു. അന്ന് ധോണിയെ റണ്‍ഔട്ട് ആക്കിയതും ഹര്‍ഷല്‍ പട്ടേലാണ്. പഞ്ചാബിന് എതിരെ അവസാന ഓവറില്‍ ഡാരില്‍ മിച്ചലിന് നേര്‍ക്ക് സിംഗിള്‍ നിഷേധിച്ച ധോണിയുടെ നീക്കവും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.