ഈഡന്‍ ഗാര്‍ഡനിലെ തൂക്കിയടി; പറന്നത് 42 സിക്സ്; 524 റണ്‍സ്; റെക്കോര്‍ഡ്

കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് പടുത്തുയര്‍ത്തിയ റണ്‍മല കണ്ട് കുലുങ്ങാതെ പഞ്ചാബ് കിങ്സ് ബാറ്റ് വീശിയപ്പോള്‍ പിറന്നത് ട്വന്റി20 ക്രിക്കറ്റിലെ റെക്കോര്‍ഡ് ചെയ്സിങ് ജയം. രണ്ട് ടീമും തകര്‍ത്തടിച്ചപ്പോള്‍ 42 സിക്സ് ആണ് ഈഡന്‍ ഗാര്‍ഡനില്‍ പെയ്തിറങ്ങിയത്. ഒരു ട്വന്റി20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്സ് പറന്ന മല്‍സരമായും കൊല്‍ക്കത്ത–പഞ്ചാബ് പോര് മാറി.

24 സിക്സുകളാണ് പഞ്ചാബ് കിങ്സ് താരങ്ങളില്‍ നിന്നെല്ലാമായി കൊല്‍ക്കത്തക്കെതിരെ വന്നത്. ഒരു ഐപിഎല്‍ ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സ് പറത്തുന്ന ടീമായും പഞ്ചാബ് മാറി. ഈ സീസണില്‍ തന്നെ 22 സിക്സ് പറത്തിയ ഹൈദരാബാദിന്റെ റെക്കോര്‍ഡ് ആണ് പഞ്ചാബ് ഇവിടെ മറികടന്നത്.

ഇരുടീമിലേയുമായി 11 താരങ്ങള്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ അതില്‍ ഒരു സിക്സ് പോലും ഇല്ലാതെ ക്രീസ് വിട്ടത് ഒരു ബാറ്റര്‍ മാത്രം. 9 സിക്സ് പറത്തിയ ബെയര്‍സ്റ്റോയാണ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്സ് പറത്തിയത്. 8 സിക്സുകള്‍ ശശാങ്ക് സിങ്ങിന്റെ ബാറ്റില്‍ നിന്ന് വന്നു. ഓപ്പണിങ് ബാറ്റര്‍ പ്രാബ്സിമ്രാന്‍ സിങ് അഞ്ച് സിക്സും പ‍ഞ്ചാബിനായി പറത്തിയിരുന്നു. 

Kolkata-Punjab Match saw 42 sixes