‘ഞാന്‍ ധോണി, റാഞ്ചിയില്‍ പെട്ടുപോയി; ഒരു 600രൂപ വേണം തിരിച്ചെത്താന്‍’

എംഎസ് ധോണി റാഞ്ചിയില്‍ പെട്ടുപോയെന്നും തിരിച്ചെത്താന്‍ അത്യാവശ്യമായി 600 രൂപ വേണമെന്നും ആവശ്യപ്പെട്ട് പോസ്റ്റ്. ഇന്‍സ്റ്റഗ്രാമിലാണ് ഈ വ്യാജ പോസ്റ്റ് കണ്ടത്. പണം തട്ടാന്‍ തട്ടിപ്പുകാര്‍ക്ക് പല വഴികളാണ്. അതിലൊരു വഴിയാണ് വ്യാജ അക്കൗണ്ടുകളിലൂടെയുള്ള പോസ്റ്റുകളും പണം ആവശ്യപ്പെടലും. സുഹൃത്തുക്കളെന്നും പ്രിയപ്പെട്ടവരെന്നും കരുതി ഒന്നും നോക്കാതെ പണം കൊടുക്കുന്നവരാവട്ടെ കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിയുന്നത് ഏറെ വൈകിയാവും. അതുപൊലൊരു സംഭവമാണിത്. 

‘mahi77i2’ എന്ന ഹാന്‍ഡിലിലൂടെയാണ് ഈ വ്യാജ ധോണിയുടെ പോസ്റ്റ് വന്നത്. ‘mahi7781’ എന്നതാണ് ഒറിജിനല്‍ ധോണിയുടെ ഒഫീഷ്യല്‍ ഹാന്‍ഡില്‍നെയിം. സംശയം തോന്നാതിരിക്കാനായി ധോണിയുടെ ഒരു സെല്‍ഫിയും ‘വിസില്‍ പോട്’ എന്ന ചെന്നൈ സൂപ്പര്‍ കിങ്സ് സ്ലോഗനും ഉപയോഗിച്ചിട്ടുണ്ട്. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ വൈറലായി. രണ്ട് ലക്ഷത്തോളം ആളുകള്‍ പോസ്റ്റ് കണ്ടു. ഈ പോസ്റ്റ് കണ്ട് ആരും വിശ്വസിച്ചില്ലെങ്കിലും ആശങ്കയും അമ്പരപ്പും തോന്നിയവരാണ് ഭൂരിഭാഗവും. 

ഇത്തരം വ്യാജ അക്കൗണ്ടുകളും വ്യാജ പ്രൊഫൈലുകളും തിരിച്ചറിയണമെന്നും കൃത്യമായി കാര്യങ്ങള്‍ ബോധ്യപ്പെടാതെ പണം കൈമാറാന്‍ ശ്രമിക്കരുതെന്നും പോസ്റ്റിനു താഴെ നിരവധി കമന്റുകള്‍ നിറയുന്നുണ്ട്. 

MS Dhoni stuck in Ranchi,Urgently needs 600rs ,post spreads