53 പന്തില്‍ 82 റണ്‍സ്; 'തല'യുടെ റെക്കോര്‍ഡെടുത്ത് രാഹുല്‍

ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ എട്ടുവിക്കറ്റിന്‍റെ ആധികാരിക ജയം ലക്നൗ നേടിയപ്പോള്‍ താരമായത് ക്യാപ്റ്റന്‍ കെ. എല്‍ രാഹുലാണ്. 53 പന്തില്‍ നിന്നും 82 റണ്‍സ് നേടിയ രാഹുല്‍ ഈ ഐപിഎല്ലിലെ തന്‍റെ രണ്ടാം അര്‍ധ സെഞ്ചറിയും സ്വന്തമാക്കി.  ഒന്‍പത് ഫോറും മൂന്ന് സിക്സുമടങ്ങുന്നതായിരുന്നു രാഹുലിന്‍റെ ക്ലാസിക് ഇന്നിങ്സ്. 

ഐപിഎല്ലില്‍ രാഹുലിന്‍റെ 25–ാം അര്‍ധശതകമാണിത്. ഇതോടെ ഐപിഎല്ലില്‍ ഏറ്റവുമധികം അര്‍ധ സെഞ്ചറി നേടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന റെക്കോര്‍ഡ് രാഹുല്‍ സ്വന്തം പേരിലാക്കി. 24 അര്‍ധ സെഞ്ചറികളുമായി ധോണിയാണ് തൊട്ടുപിന്നില്‍. ക്വിന്‍റണ്‍ ഡി കോക് (23) ദിനേഷ് കാര്‍ത്തിക് (21) റോബിന്‍ ഉത്തപ്പ (18)എന്നിവരാണ് പട്ടികയിലെ മറ്റുസ്ഥാനക്കാര്‍. 

177 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലക്നൗവിന് രാഹുല്‍ ഡികോക്കും മികച്ച തുടക്കമാണ് നല്‍കിയത്. 134 റണ്‍സാണ് കൂട്ടുകെട്ടില്‍ പിറന്നത്. 90 പന്തിലായിരുന്നു ഈ നേട്ടം. അഞ്ച് ഫോറും ഒരു സിക്സുമടക്കം 43 റണ്‍സ് നേടിയാണ് ഡികോക്ക് മടങ്ങിയത്. തുടക്കം മുതലുള്ള ആക്രമണശൈലിയും ലക്നൗവിന്‍റെ ജയം എളുപ്പമാക്കി. ചെന്നൈക്കെതിരെയുള്ള ഏറ്റവും മികച്ച മൂന്നാമത്തെ കൂട്ടുകെട്ടായും ഇത് മാറി. ഐപിഎല്ലില്‍ ലക്നൗവിന്‍റെ ഏറ്റവും മികച്ച രണ്ടാമത്തെ കൂട്ടുകെട്ടാണിത്. 2022 ല്‍ രാഹുലും ഡി കോകും കൊല്‍ക്കത്തയ്ക്കെതിരെ അടിച്ചുകൂട്ടിയ 210 റണ്‍സാണ് ലക്നൗവിന്‍റെ ഏറ്റവും മികച്ച കൂട്ടുകെട്ട് സ്കോര്‍. 

'നന്നായി കളിച്ചാല്‍ ചെന്നൈയുടെ സ്കോര്‍ മറികടക്കുന്നത് അപ്രാപ്യമല്ലെന്ന് തോന്നി. കൂട്ടുകെട്ടും മികച്ചതാകുമ്പോള്‍ അവസരങ്ങളും ലഭിക്കുമെന്നും അങ്ങനെ സംഭവിച്ചതില്‍ സന്തോഷമുണ്ടെന്നും' കളിക്ക് ശേഷം രാഹുല്‍ പറഞ്ഞു. രാഹുലാണ് കളിയിലെ താരം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 176 റണ്‍സ് എടുത്തത്. 19 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലായിരുന്നു ലക്നൗവിന്‍റെ വിജയം.

82 runs from 53 balls; KL Rahul overtook Dhoni's record