ഹര്‍ദികിന് ബിസിസിഐയുടെ വകയും ‘തല്ല്’; കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം പിഴ

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് ഇതത്ര നല്ല സമയമല്ലെന്ന് വേണം കരുതാന്‍. കളിക്കളത്തിലും പുറത്തും കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെ ബിസിസിഐയുടെ നടപടിക്ക് കൂടി വിധേയനാകുകയാണ് താരം. പഞ്ചാബിനെതിരായ ഐപിഎല്‍ മല്‍സരത്തില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് കണ്ടെത്തല്‍. 20 ഓവര്‍ കൃത്യ സമയത്ത് പൂര്‍ത്തിയാക്കുന്നതില്‍ ക്യാപ്റ്റന്‍ പരാജയപ്പെട്ടുവെന്നും ഇതിന്‍റെ ശിക്ഷയായി 12 ലക്ഷം രൂപ പിഴയൊടുക്കണമെന്നുമാണ് നിര്‍ദേശം. 

നിശ്ചിത സമയത്ത് തീര്‍ക്കേണ്ട കളിയില്‍ ഇഴഞ്ഞാല്‍ ഇനിയും നടപടിയുണ്ടാകുമെന്നും ബിസിസിഐ വ്യക്തമാക്കുന്നു. ഏപ്രില്‍ 18ന് മുല്ലന്‍പുറിലായിരുന്നു പഞ്ചാബിനെതിരായ മല്‍സരം നടന്നത്. ഇനിയും മെല്ലെപ്പോക്ക് ആവര്‍ത്തിച്ചാല്‍ ഗുരുതര നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും ഹര്‍ദികിന് ലഭിച്ചിട്ടുണ്ട്. 

193 റണ്‍സെന്ന മുംബൈ ഇന്ത്യന്‍സിന്‍റെ സ്കോര്‍ പിന്തുടരാനിറങ്ങിയ പഞ്ചാബിന് തുടക്കത്തില്‍ തന്നെ ഓപണര്‍ പ്രഭ്സിമ്രന്‍ സിങിനെ നഷ്ടപ്പെട്ടു. സിങ് മടങ്ങുമ്പോള്‍ ടീം സ്കോര്‍ വെറും പത്ത് മാത്രമായിരുന്നു. സ്കോര്‍ 13ലെത്തിയപ്പോള്‍ രണ്ടാം വിക്കറ്റും വീണു. ഒരു റണ്‍സ് മാത്രം കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ കറനും പവലിയനിലേക്ക് മടങ്ങി. 25 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത ശശാങ്കും 28 പന്തില്‍ നിന്ന് 61 റണ്‍സെടുത്ത അശുതോഷുമാണ് പഞ്ചാബിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. 

BCCI penalises MI captain for code of conduct breach