സ്ട്രൈക്ക്റേറ്റ് 118; പവര്‍പ്ലേയ്ക്ക് ശേഷം ബൗണ്ടറിയില്ല; തുഴച്ചിലില്‍ മനംമടുത്ത് ആരാധകര്‍

ഇടംകയ്യന്‍ സ്പിന്നര്‍ അഭിഷേകിനെതിരെ ബൗണ്ടറി അടിച്ച് തുടക്കം. സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന്‍ കമിന്‍സിനെ സ്വാഗതം ചെയ്തും കോലിയില്‍ നിന്ന് ബൗണ്ടറിയെത്തി. പവര്‍പ്ലേ കഴിയുമ്പോള്‍ 18 പന്തില്‍ നിന്ന് കോലി അടിച്ചെടുത്തത് 32 റണ്‍സ്. എന്നാല്‍ പവര്‍പ്ലേ കഴിഞ്ഞതോടെ പിന്നെ കണ്ടത് മറ്റൊരു കോലിയെ..

പവര്‍പ്ലേയില്‍ 4 ഫോറും ഒരു സിക്സുമാണ് കോലിയില്‍ നിന്ന് വന്നത്. എന്നാല്‍ പവര്‍പ്ലേയ്ക്ക് ശേഷം ഒരു ബൗണ്ടറി പോലും കണ്ടെത്താന്‍ കോലിക്കായില്ല. പവര്‍പ്ലേയ്ക്ക് ശേഷം 25 പന്തില്‍ നിന്ന് കോലി കണ്ടെത്തിയത് 19 റണ്‍സ് മാത്രം. ഹൈദരാബാദ് സ്പിന്നര്‍മാരായ ഷഹ്ബാസ് അഹ്മദിനും മായങ്ക് മര്‍കണ്ഡേയ്ക്കും മുന്‍പില്‍ കോലി പതറി. ഉനദ്കട്ടിന്റെ സ്ലോ ബോളുകളും ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനെ കുഴക്കി. 

ഒരുവശത്ത് കോലി വിയര്‍ക്കുമ്പോഴാണ് മായങ്കിനെ ഒരോവറില്‍ നാല് വട്ടം രജത് സിക്സ് പറത്തിയത്. 19 പന്തില്‍ മായങ്ക് അര്‍ധ ശതകത്തിലേക്ക് എത്തിയപ്പോള്‍ 37 പന്തുകളാണ് 50 തികയ്ക്കാന്‍ കോലിക്ക് വേണ്ടിവന്നത്. അര്‍ധ ശതകം കണ്ടെത്തിയെങ്കിലും 118 എന്ന ബാറ്റിങ് സ്ട്രൈക്ക്റേറ്റില്‍ കളിച്ച കോലിക്ക് നേരെ വിമര്‍ശനങ്ങള്‍ ശക്തമാവുന്നു. സ്കോറിങ്ങിന്റെ വേഗത കോലി കുറച്ചത് അര്‍ധ ശതകം കണ്ടെത്തുന്നതിന് വേണ്ടിയാണെന്നും ഈ സമീപനം തുടര്‍ന്നാല്‍ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതകള്‍ക്ക് തിരിച്ചടിയാകും എന്നുമാണ് വിമര്‍ശനങ്ങള്‍. 

കോലിയില്‍ നിന്ന് സിംഗിളുകള്‍ മാത്രം. ദിനേശ് കാര്‍ത്തിക് വരാനുണ്ട്. ലോംറോര്‍ വരാനുണ്ട്. ചെറിയ റിസ്ക് എടുക്കാന്‍ തയ്യാറാവണം.രജത്തിനെ നോക്കു. ഓവറില്‍ മൂന്ന് സിക്സ് അടിച്ചുകഴിഞ്ഞു. അവനും വേണമെങ്കില്‍ സിംഗിള്‍ എടുത്ത് കളിക്കാം. അതല്ലെങ്കില്‍ കളിക്കാതെ വിടാം. എന്നാല്‍ ഒരു അവസരം അവിടെ ഉള്ളതിനാലാണ് അവന്‍ സിക്സിന് മുതിര്‍ന്നത്, കോലിയുടെ ബാറ്റിങ് സമീപനത്തെ വിമര്‍ശിച്ച് ഗാവസ്കറും കമന്ററി ബോക്സിലിരുന്ന് പറഞ്ഞു. 

Fans against Kohli's innings