‘അതിഗംഭീര ക്യാപ്റ്റൻസി’; സഞ്ജുവിന് കയ്യടിച്ച് ആരൺ ഫിഞ്ച്

sanju
SHARE

രാജസ്ഥാൻ റോയൽ‌സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ പുകഴ്ത്തി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ആരൺ ഫിഞ്ച്. സാഹചര്യങ്ങൾ വിലയിരുത്തിയാണ് സഞ്ജു ഓരോ മത്സരത്തിലും ബാറ്റു ചെയ്യുന്നതെന്നും താരത്തിന്റെ ക്യാപ്റ്റൻസി അതിഗംഭീരമാണെന്നും ആരൺ ഫിഞ്ച് ഒരു സ്പോർട്സ് മാധ്യമത്തിലെ ചർച്ചയിൽ പ്രതികരിച്ചു. മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസ് ഒൻപതു വിക്കറ്റ് വിജയം നേടിയതിനു പിന്നാലെയായിരുന്നു ഫിഞ്ചിന്റെ പ്രതികരണം.

‘‘ടീമിന് എന്താണോ വേണ്ടത് ആ ഇന്നിങ്സാണ് സഞ്ജു സാംസൺ കളിക്കുന്നത്. ഓരോ സാഹചര്യത്തിലും അതിന് അനുസരിച്ചാണ് അദ്ദേഹത്തിന്റെ കളി. സമ്മർദഘട്ടങ്ങളിൽ പോലും രാജസ്ഥാൻ റോയൽസ് എത്ര ശാന്തമായാണു കളിക്കുന്നതെന്നു നിങ്ങൾ നോക്കൂ. ആ പ്രകടനത്തിന്റെ ക്രെഡിറ്റ് തീർച്ചയായും ക്യാപ്റ്റൻ സഞ്ജു സാംസണ് അവകാശപ്പെട്ടതാണ്.’’–ഫിഞ്ച് വ്യക്തമാക്കി. ഈഗോ ഇല്ലാതെയാണ് സഞ്ജു ഐപിഎല്ലിൽ മുന്നോട്ടുപോകുന്നതെന്നും ഫിഞ്ച് പ്രതികരിച്ചു.

8 ഇന്നിങ്സുകളിൽ നിന്ന് 62.8 ശരാശരിയിൽ 314 റൺസാണ് 2024 ഐപിഎല്ലിൽനിന്ന് സഞ്ജു ഇതുവരെ നേടിയത്. 3 അർധ സെഞ്ചറികൾ ഇതിനകം സ്വന്തമാക്കി. റൺനേട്ടക്കാരുടെ പട്ടികയിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെയും ശുഭ്മൻ ഗില്ലിനെയുമൊക്കെ കടത്തിവെട്ടി ഏഴാം സ്ഥാനത്തുണ്ട് സഞ്ജു. ഈ സീസണിൽ 300 റൺസ് നേടുന്ന ആദ്യ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമെന്ന നേട്ടമാണ് ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം അട‌ുത്തുനിൽക്കെ ശ്രദ്ധേയമാകുന്നത്.

14 പോയിന്റുമായി പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് രാജസ്ഥാൻ റോയൽസ്. സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മാത്രമാണ് രാജസ്ഥാൻ തോറ്റത്. ഏഴാം വിജയത്തോടെ രാജസ്ഥാൻ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. ശനിയാഴ്ച ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.

Cricketer Aaron Finch hails Sanju Samson's captaincy.

MORE IN SPORTS
SHOW MORE