വമ്പന്‍ ട്വിസ്റ്റ്; സഞ്ജുവും ഹര്‍ദ്ദിക് പാണ്ഡ്യയുമില്ല; ലോകകപ്പ് സ്ക്വാഡിനെ തിരഞ്ഞെടുത്ത് മുന്‍ ഐപിഎല്‍ ചാംപ്യന്‍

rohit-aharma
SHARE

2024 ഐപിഎല്‍ സീസണിലെ പോരാട്ടം ഇന്ത്യന്‍ ടീമിലേക്കുള്ള സ്ഥാനമുറപ്പിക്കാന്‍ കൂടിയുള്ള മല്‍സരമാണ്. ലോകകപ്പ് സ്ക്വാഡ് തീരുമാനമാകാന്‍ സമയമായികൊണ്ടിരിക്കെ പുതിയ താരോദയങ്ങളുണ്ടാകുന്നത് പലര്‍ക്കും തലവേദനയാണ്. ടി20 ലോകകപ്പിനുള്ള അന്തിമ 15 അംഗ പട്ടിക മേയ് ഒന്നിനകം പ്രസിദ്ധീകരിക്കണമെന്നാണ് ഐസിസി ചട്ടം. ഇതുപ്രകാരം ഈ ആഴ്ച തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്ത്യന്‍ സെലക്ടര്‍മാരെ കാണും. ഈ ചര്‍ച്ചയിലാകും അമേരിക്കയിലേക്കുള്ള 15 അംഗ ടീമിനെ തീരുമാനിക്കുക. 

അതിനിടെ പല പ്രമുഖരും അവരവരുടെ വിലയിരുത്തലിന് അനുസരിച്ചുള്ള ടീം െസലക്ഷന്‍ നടത്തുന്നുണ്ട്. മുന്‍ ഇന്ത്യന്‍ താരവും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ താരവുമായിരുന്ന അമ്പാട്ടി റായിഡുവിന്‍റെ 15 അംഗ ടീമില്‍ അല്‍പം കൗതുകങ്ങളുണ്ട്. ഐപിഎല്ലില്‍ പ്രകടനം മോശമായ മുംബൈ നായകന്‍ ഹര്‍ദ്ദിക് പാണ്ഡ്യയാണ് പുറത്തായ പ്രമുഖന്‍. വിക്കറ്റ് കീപ്പര്‍ സ്പോട്ടിലേക്ക് ശക്തമായ പോരാട്ടം നടത്തുന്ന റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍ എന്നിവരെ ഒഴിവാക്കി മുതിര്‍ന്ന താരമായ ദിനേശ് കാര്‍ത്തിക്കിനെയാണ് അമ്പാട്ടി റായിഡു ടീമിലേക്ക് ഉള്‍പ്പെടുത്തിയത്. 

ബാറ്റിങ് ലൈനപ്പില്‍ കാര്യമായ പുതുമ നല്‍കാതെ രോഹിത് ശര്‍മ, യശ്വസി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലക്നൗ സൂപ്പര്‍ ജെയന്‍റ്സ് പേസര്‍ മായങ്ക് യാദവ്, രാജസ്ഥാന്‍ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ് എന്നിവരെയും അമ്പാട്ടി റായിഡു ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം പുതുമുഖ ഐപിഎല്‍ താരങ്ങളെ ബിസിസിഐ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

മൂന്ന് സ്പിന്നര്‍മാരും നാല് പേസര്‍മാരും ഉള്‍കൊള്ളുന്നതാണ് ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റ്. അംമ്പാട്ടി റായിഡുവിന്‍റെ 15 അംഗ ലോകകപ്പ് ടീം; രോഹിത് ശർമ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, ദിനേഷ് കാർത്തിക്, റിങ്കു സിംഗ്, ശിവം ദുബെ, റിയാൻ പരാഗ്, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മായങ്ക് യാദവ്, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

MORE IN SPORTS
SHOW MORE