കോലിയുടെ വിക്കറ്റ് മാത്രമല്ല; തെറ്റിയ തീരുമാനങ്ങള്‍ വേറെയും; ബെംഗളൂരുവിനെ തോല്‍പ്പിച്ചത് അമ്പയറോ?

ഐപിഎല്ലില്‍ ഇന്നലെ നടന്ന ബെംഗളൂരു– കൊല്‍ക്കത്ത മത്സരത്തെച്ചൊല്ലി വിവാദങ്ങള്‍ ഒഴിയുന്നില്ല. മികച്ച ഫോമില്‍ ബാറ്റ് ചെയ്തുകൊണ്ടിരുന്ന വിരാട് കോലിയുടെ പുറത്താകല്‍ തന്നെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനുപിന്നാലെ മത്സരത്തിന്‍റെ ഗതിതന്നെ മാറ്റിമറിച്ചുവെന്ന് കണക്കാക്കുന്ന അമ്പയറുടെ മറ്റൊരു തെറ്റായ തീരുമാനം കൂടി ചര്‍ച്ചയാകുകയാണ്. 

ബെംഗളുരു താരം സുയാഷ് പ്രഭുദേശായി നേടിയ സിക്സറിനെ അമ്പയര്‍ ഫോറായി കണക്കാക്കിയതാണ് അടുത്ത വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. പതിനേഴാം ഓവറിന്‍റെ അഞ്ചാം പന്തിലാണ് സംഭവം. വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ പന്ത് ഫൈന്‍ ലെഗ് ബൗണ്ടറിയിലേക്ക് പായിച്ച പ്രഭുദേശായി നേടിയത് സിക്സറായിരുന്നുവെന്നും എന്നാല്‍ അത് ഫോര്‍ ആണെന്ന് വിധിച്ചുവെന്നുമാണ് ആരാധകരുടെ വിമര്‍ശനം. 

സംഭവത്തിന്‍റെ വീഡിയോ ഉള്‍പ്പെടെ പുറത്തുവിട്ടുകൊണ്ടാണ് ആരാധകര്‍ അമ്പയര്‍മാര്‍ക്കെതിരെ തിരിഞ്ഞത്. തേഡ് അമ്പയറിന്‍റെ റിവ്യൂവില്‍ ആ ബോള്‍ സികസറാണെന്ന് വ്യക്തമാണെന്നും എന്നിട്ടും നാല് റണ്‍സ് മാത്രം അനുവദിച്ചുമെന്നാണ് ആരാധകര്‍ പറയുന്നത്. മത്സരം നിര്‍ണായക ഘട്ടത്തിലിരിക്കെ സിക്സറാണോ എന്ന് വ്യക്തമായി പുനപരിശോധിക്കാതെ ഫോര്‍ വിധിച്ചുവെന്നാണ് ഉയരുന്ന ആക്ഷേപം. എന്നാല്‍ സംഭവത്തെക്കുറിച്ച് ഐപിഎല്‍ ഒഫീഷ്യല്‍സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

222 റണ്‍സ് ചെയ്സ് ചെയ്യാനിറങ്ങിയ ബെംഗളൂരുവിന്‍റെ പോരാട്ടം 221 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. മത്സരത്തില്‍ ഒരു റണ്ണിനാണ് ബെംഗളൂരു തോറ്റത്. സിക്സര്‍ നല്‍കിയിരുന്നെങ്കില്‍ ബെംഗളൂരു മത്സരം ജയിക്കുമായിരുന്നു. വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ടീം പരാജയപ്പെട്ടതോടെ ബെംഗളൂരുവിന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അസ്തമിക്കുകയും ചെയ്തു.

RCB Fans Slam Umpires For Costing 2 Runs