ഇങ്ങനെയല്ല ജേതാക്കളെ തീരുമാനിക്കേണ്ടത്, പുതിയ നിര്‍ദേശവുമായി സച്ചിന്‍

മറ്റൊരു സൂപ്പര്‍ ഓവറും കൂടി നല്‍കി ലോകകപ്പ് വിജയികളെ തീരുമാനിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നു മുന്‍ ഇന്ത്യന്‍ താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ബൗണ്ടറിക്കണക്കില്‍ വിജയികളെ തീരുമാനിച്ചതിനേക്കാള്‍ ഉചിതം അതായിരുന്നു.

ഫൈനലില്‍ മാത്രമല്ല, എല്ലാ മത്സരങ്ങളിലും ഇങ്ങനെ വേണം. ഫുട്‌ബോളില്‍ നിശ്ചിത സമയത്ത് സമനിലയാവുന്ന നോക്കൗട്ട് മത്സരങ്ങള്‍ എക്‌സ്ട്രാ ടൈമിലേക്ക് കടക്കുമ്പോള്‍ മറ്റു കാര്യങ്ങളൊന്നും തന്നെ അവിടെ പരിഗണിക്കാറില്ല. മികച്ച പ്രകടനം നടത്തുന്ന ടീം ജയിക്കുക എന്നതാണ് പ്രധാനമെന്നു സച്ചിന്‍ പറഞ്ഞു

സെമി ഫൈനലില്‍ നിലവില്‍ രീതിയേയും സച്ചിന്‍ എതിര്‍ക്കുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തിയ ടീമുകള്‍ക്ക് ആനുകൂല്യം ലഭിക്കുന്ന രീതിയാകും നല്ലതെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു. ആദ്യ സ്ഥാനങ്ങളിലെത്തിയവര്‍ സ്ഥിരതയുള്ള പ്രകടനങ്ങളോടെയാണ് എത്തുന്നത്. അക്കാര്യം പരിഗണിച്ചേ മതിയാകൂ. 

സെമിയില്‍ ധോണിയെ ഏഴാമത് ഇറക്കിയതും തെറ്റായി. താനായിരുന്നു ക്യാപ്റ്റന്റെ സ്ഥാനത്തെങ്കില്‍ അഞ്ചാമനായി അദ്ദേഹത്തെ കളിപ്പിക്കുമായിരുന്നു. ധോനിക്കു ശേഷം ഹാര്‍ദിക് ആറാമതും കാര്‍ത്തിക്ക് ഏഴാമതും ഇറങ്ങണമായിരുന്നെന്നും സച്ചിന്‍ വിശദീകരിച്ചു.